കൊടുങ്ങല്ലൂർ : പരിസ്ഥിതി ദിനത്തിൽ ശ്രീനാരായണപുരത്ത് ബയോപാർക്കിന് തുടക്കം കുറിച്ചു. പള്ളിനട കടവിൽ ആരംഭിക്കുന്ന കണ്ടൽ ബയോപാർക്ക് ഇ.ടി.ടൈസൺ എം.എൽ.എ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. മൂന്ന് വർഷമായി ഘട്ടം ഘട്ടമായി വിവിധ പദ്ധതികൾ നടപ്പാക്കി ആവാസവ്യവസ്ഥ പുന:സ്ഥാപനത്തിന്റെ ഭാഗമായി പുതിയ നാഴികക്കല്ലാണ് ജൈവ പാർക്ക് യാഥാർത്ഥ്യമാക്കുന്നതിലൂടെ കൈവരിച്ചത്. പ്രസിഡന്റ് എം.എസ്.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പുനർജ്ജനി 2024 വാരാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ, പൊതുസ്ഥലങ്ങൾ, കാവുകൾ, പൊതുഇടങ്ങൾ, തരിശുസ്ഥലങ്ങൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നടീൽ ഉത്സവം നടത്തുന്നതിന് ജൈവ വൈവിദ്ധ്യ പരിപാലന സമിതി വിവിധ ഇനം ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു.
ജനപ്രതിനിധികൾ, സ്ഥാപനമേധാവികൾ, ബി.എം.സി അംഗങ്ങൾ, ബി.എം.സി ക്ലബ്ബുകൾ, കുടുംബശ്രീ, വായനശാലകൾ, കൃഷിക്കാർ തുടങ്ങിയ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഫലവൃക്ഷത്തെ നട്ട് പരിപാലിക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ പി.സുമേഷ്‌കുമാർ, എം.ജി.എൻ.ആർ.ഇ.ജി ജില്ലാ എൻജിനീയർ ജസ്ബീർ, വൈസ് പ്രസിഡന്റ് സജിത പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ.അയൂബ്, സി.സി.ജയ, പി.എ.നൗഷാദ്, മിനിഷാജി, മധുരാജ് തുടങ്ങിയവർ സംസാരിച്ചു.