മാള : സുജന്റെ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടാൽ ഏത് മഹാമാരിയെയും ചെറുക്കാം. അതേ, പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി ബോധവത്കരണ സന്ദേശങ്ങളുമായി ജനങ്ങൾക്കിടയിൽ പ്രയാണം തുടരുകയാണ്. പ്രളയം, പേമാരി, കൊവിഡ്, നിപ്പ എന്നിവയെ മറികടക്കാൻ ബോധവത്കരണ ഓഡിയോ, വീഡിയോ സന്ദേശങ്ങളും മുന്നറിയിപ്പ് ബ്രോഷറുമാണ് തയ്യാറാക്കുന്നത്.
1997ൽ പൊലീസ് സേനയിൽ ചേരുമ്പോഴും കലാ, സാംസ്‌കാരിക, സാഹിത്യ മേഖലകളിൽ സജീവമായിരുന്നു പൊയ്യ പൂപ്പത്തി സ്വദേശിയായ സുജൻ. പിന്നീട് 2001ൽ പഞ്ചായത്തിലേക്ക് മാറിയപ്പോഴാണ് ബോധവത്കരണ പരിപാടികളുടെ അഭാവം മൂലം പല പദ്ധതികളും ജനങ്ങളിലെത്തുന്നില്ലെന്ന് മനസിലായത്. അന്ന് മുതൽ തുടങ്ങിയതാണ് ഈ ദൗത്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ പദ്ധതി പ്രവർത്തനങ്ങൾ, നികുതി പിരിവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾ, മഴക്കാല പൂർവ ശുചീകരണം, രോഗ പ്രതിരോധ പരിപാടികൾ തുടങ്ങിയവയ്ക്കായി ഓഡിയോ, വീഡിയോ സന്ദേശങ്ങൾ തയ്യാറാക്കി പ്രചരിപ്പിച്ചു തുടങ്ങി. കാലവർഷത്തിന് മുമ്പായി ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും മൂലമുള്ള തീവ്ര അതിതീവ്രമഴയും തുടർന്നുള്ള മണ്ണൊലിപ്പും ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലും എലിപ്പനി, ഡെങ്കിപ്പനി, വെസ്റ്റ് നൈൽ പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ പകരാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് ബ്രോഷറും ഓഡിയോ സന്ദേശവും തയ്യാറാക്കി. ഇപ്പോൾ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായി ജോലി ചെയ്യുന്നു.
ശ്രദ്ധേയമായത് 'ഓപ്പറേഷൻ 09/18'
2018ൽ പൊയ്യ പഞ്ചായത്തിൽ പ്രളയത്തോടനുബന്ധിച്ച് 'ഓപ്പറേഷൻ 09/18'എന്ന പേരിലാരംഭിച്ച മിഷനായി വിപുലമായ രീതിയിൽ ബോധവത്കരണ ഓഡിയോ, വീഡിയോ ആൽബങ്ങളും നോട്ടീസും ബ്രോഷറും തയ്യാറാക്കിയത് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി. മറ്റ് തദ്ദേശസ്ഥാപനങ്ങളും അത് പ്രയോജനപ്പെടുത്തി. ഉയിർത്തെഴുന്നേൽപ്പ് എന്ന കൊവിഡ് പ്രതിരോധ ഗാനം ക്ഷേത്രങ്ങളും പള്ളികളുമൊക്കെ അവരുടെ ആരാധനാ സമയത്ത് പ്രക്ഷേപണം ചെയ്ത് ബോധവത്കരണം നടത്തി. ചരിത്രത്തിൽ ആദ്യമായിരുന്നു ഇത്തരമൊരു പരീക്ഷണം.