ചാലക്കുടി: ബെന്നി ബഹനാന്റെ രണ്ടാം വട്ട വിജയത്തിലും ചാലക്കുടി നിയമസഭാ മണ്ഡലത്തിലെ നിറം മങ്ങിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫിൽ അസ്വസ്ഥത. അതേസമയം പരമ്പരാഗത വോട്ടിംഗിൽ ചോർച്ചയുണ്ടായതിന്റെ അങ്കലാപ്പിലാണ് എൽ.ഡി.എഫും. 5,716 വോട്ടാണ് അസംബ്ലി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ ഭൂരിപക്ഷം.
2019ൽ ഇന്നസെന്റിന് എതിരെ 22,546 വോട്ടിന്റെ മുൻതൂക്കമുണ്ടായിരുന്നു. ഇത്തവണ അതിൽ 16,830 വോട്ടിന്റെ കുറവുണ്ടായി. ചാലക്കുടി നഗരസഭയിൽ നിന്നും 3,490 വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി ബെന്നി ബഹനാൻ നേടി. എന്നാൽ 2019ൽ അത് 7,285 ആയി. കാടുകുറ്റി പഞ്ചായത്താണ് ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനത്ത്. 1,716 വോട്ടിന്റെ മുൻതൂക്കം. 1,226 വോട്ടാണ് പരിയാരം പഞ്ചായത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥി അധികമായി കരസ്ഥമാക്കിയത്.
കൊരട്ടി പഞ്ചായത്തിലും 960 വോട്ടിന്റെ ലീഡുണ്ട്. കോടശ്ശേരിയിൽ 489 വോട്ടുകൾ പ്രൊഫ.രവീന്ദ്രനാഥിനേക്കാൾ, യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അധികമായി ലഭിച്ചു.
എൽ.ഡി.എഫിന് തെല്ലാശ്വാസം മൂന്ന് പഞ്ചായത്തുകൾ
കൊടകര, മേലൂർ, അതിരപ്പിള്ളി എന്നീ പഞ്ചായത്തുകൾ എൽ.ഡി.എഫിന് നേട്ടമുണ്ടാക്കി. എങ്കിലും ഇത് തെല്ലും ആശ്വാസത്തിന് വക നൽകുന്നില്ല. കൊടകരയിൽ നിന്നും 1,303 വോട്ടുകൾ മാത്രം ഭൂരിപക്ഷം ലഭിച്ചത് ആശങ്കയോടെയാണ് നേതൃത്വം കാണുന്നത്. മേലൂരിലെ 235ന്റെ ലീഡ് തുടർച്ചയായി പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫിന് വ്യക്തമായ താക്കീതായി. രണ്ടായിരത്തിലധികം വോട്ടുകൾ നേടിയ ബി.ജെ.പി ഇവിടെ കുറച്ചു വർഷമായി എൽ.ഡി.എഫിന്റെ വളർച്ചയെ മുരടിപ്പിക്കുകയാണ്. കൊരട്ടി, കാടുകുറ്റി, പരിയാരം എന്നീ പഞ്ചായത്തുകളിലെ എൽ.ഡി.എഫ് ഭരണത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് പിന്നിട്ട അസംബ്ലി, പാർലമെന്റ് തിരഞ്ഞെടുപ്പുകൾ.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോടശ്ശേരി പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള എൽ.ഡി.എഫിന്റെ ശ്രമത്തിനും മങ്ങലേറ്റു. നഗരസഭയിലെ എൽ.ഡി.എഫിന്റെ സ്ഥിതിയും മറിച്ചല്ല. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മികച്ച വിജയമായിരുന്നു യു.ഡി.എഫ് നേടിയത്. ഇതിൽ മാറ്റം വരുത്താൻ മുൻകൂട്ടിയുള്ള ശ്രമം സി.പി.എം നേതൃത്വം നടത്താത്തത് പ്രവർത്തകരുടെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പ്രൊഫ.രവീന്ദ്രനാഥിന്റെ വ്യക്തിപ്രഭാവം കൊണ്ടാണെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ.