thadayana
പരിയാരം ,തയണയിലെ ഷട്ടറുകൾ മാറ്റുന്നു

ചാലക്കുടി: കൃഷിയിടങ്ങളിൽ വെള്ളക്കെട്ടിന് കാരണമായ ചാലക്കുടിപ്പുഴയിലെ തടയണകളുടെ പരിയാരം സി.എസ്.ആർ കടവിലെ തടയണയുടെ ഷട്ടറുകൾ മാറ്റി. കപ്പത്തോട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിന് കൊമ്പൻപാറ തടയണയിൽ വേനൽക്കാലത്ത് വച്ച ഷട്ടറുകളാണ് ഇപ്പോൾ മാറ്റിയത്. വേനൽ മഴ ശക്തിയാർജ്ജിച്ചതോടെ പുഴയിൽ വെള്ളം കൂടുകയും ഷട്ടറുകൾ മാറ്റൽ അസാദ്ധ്യമാകുകയും ചെയ്തു. ഇതോടെ കപ്പത്തോട്ടിൽ വലിയ തോതിൽ ജലനിരപ്പുയർന്ന് കുറ്റിക്കാട് പ്രദേശത്തെ ചങ്കൻകുറ്റിയിലും പാറക്കുന്നിലും ഏക്കർ കണക്കിന് കൃഷിയിടത്തിൽ വെള്ളം കയറിയിരുന്നു. കാലവർഷം കനക്കുന്നതിന് മുമ്പ് വിളകളിൽ വെള്ളം കയറിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
എം.എൽ.എ സനീഷ്‌കുമാർ ജോസഫ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്ത് ഇടതുകരവലതുകര കനാലുകളിലേയ്ക്ക് വെള്ളം തുറന്നു വിട്ട് പുഴയിലെ ജലവിതാനം താഴ്ത്തി ഷട്ടർ തുറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജലസേചന ഉദ്യോഗസ്ഥൻ എത്താത്തതിനെത്തുടർന്ന് പദ്ധതി മുടങ്ങി. പിന്നീട് പുഴയിലെ ജലവിതാനം കുറക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും പരാജയപ്പെട്ടതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മൂന്നു ദിവസമായി മഴ വിട്ടുനിന്നതോടെയാണ് ഷട്ടറുകൾ മാറ്റിയത്. ഏഴ് ഷട്ടറുകളിലേയും മുകളിലെ പലകകൾ മാറ്റി. കുടിവെള്ളം ക്ഷാമം ഒഴിവാക്കുന്നതിനുള്ള നടപടികളായിരുന്നു പഞ്ചായത്ത് ഇക്കുറി സ്വീകരിച്ചത്. എന്നാൽ തുടർച്ചയായ മഴയും പുഴയിലെ കനത്ത ഒഴുക്കും എല്ലാം തകിടം മറിച്ചു.

ശക്തമായ വേനൽ മഴയിൽ ഷട്ടർ മാറ്റാത്തതിനെത്തുടർന്ന് പരിയാരം, കോടശേരി പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ വെള്ളം കയറി. അറുപതോളം കർഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ വിളകൾ വെള്ളത്തിലായി. പലഭാഗത്തും നാല് അടിയോളം ജലനിരപ്പ് ഉയർന്നു. ഇതോടെ കപ്പത്തോടിന്റെ ഒഴുക്ക് നിലയ്ക്കുകയും വെള്ളം ഗതിമാറി ഒഴുകി കൃഷിയിടങ്ങളിലെത്തി. പുഴയിലെ ജലനിരപ്പ് താഴാതെ തടണയിലെ ഷട്ടർ മാറ്റാനാകില്ലായിരുന്നു. പിന്നീട് ചർച്ചകൾക്ക്‌ശേഷം ഷട്ടർ തുറക്കാൻ തീരുമാനമായി. എന്നാൽ ജലസേചന ഉദ്യോഗസ്ഥൻ എത്താത്തതിനെത്തുടർന്ന് വീണ്ടും കർഷകർക്ക് വീണ്ടും ദുരിതമാകുകയായിരുന്നു.