sureshgopi

തൃശൂർ: കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാൽ നിഷേധിക്കില്ലെന്ന് സുരേഷ്‌ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. സിനിമയാണ് തന്റെ പാഷൻ. ഇക്കാര്യം നേതാക്കളോട് പറയും. സിനിമ മാതാപിതാക്കളെപ്പോലെയാണ്. കൂടുതൽ സിനിമകൾ ചെയ്യും. നടനെന്ന നിലയിലാണ് വോട്ടു കിട്ടിയതെന്ന ചെന്നിത്തലയുടെ പരാമർശത്തിന് മറുപടി കൈയിലുണ്ട്. തത്കാലം പറയുന്നില്ല.

സ്ത്രീകളുടെ ക്ഷേമത്തിനുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകും. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കും. കൊച്ചി മെട്രോ റെയിൽ തൃശൂരിലേക്ക് നീട്ടാൻ ശ്രമിക്കും. തൃശൂർപ്പൂരം നടത്താൻ പുതിയ സ്‌ക്രിപ്‌റ്റുണ്ടാക്കും. എം.പിയെന്ന നിലയിൽ പല വകുപ്പുകളുമായി ബന്ധപ്പെട്ട് പലതും ചെയ്യാനാകും. അതിന് 10 വകുപ്പുകളുടെ പിന്തുണ വേണം. സംസ്ഥാനത്തിനായി സമർപ്പിക്കുന്ന പദ്ധതികൾ സാദ്ധ്യമാക്കാനാണത്.

തൃശൂർ മണ്ണുത്തിയിൽ നിന്ന് പുഴയ്ക്കൽ പാടത്തിന്റെ പിന്നിലൂടെ ചങ്ങരംകുളത്തും തുടർന്ന് പൊന്നാനിയിലുമെത്തുന്ന രണ്ടുവരി മേൽപ്പാതയ്ക്ക് ശ്രമിക്കും. തൃശൂരിലെ ഗതാഗതതടസവും മലിനീകരണ പ്രശ്‌നവും ഇതിലൂടെ ഒഴിവാകും. ഇത് കൊണ്ടുവരുമ്പോൾ ചൂണ്ടൽ ഭാഗത്തുള്ള കച്ചവടത്തിന് നേരിയ തോതിലെങ്കിലും മങ്ങലേൽക്കും. എല്ലാവരുടെയും സമ്മതത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.