suresh

തൃശൂർ : പുതിയ എം.പിയായി സുരേഷ് ഗോപി ചുമതലയേൽക്കുമ്പോൾ, കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൃശൂർ. കാബിനറ്റ് പദവിയോടെയുള്ള കേന്ദ്രമന്ത്രി സ്ഥാനവും അതോടൊപ്പം മികച്ച വകുപ്പും കൂടിയാണെങ്കിൽ വലിയ മാറ്റം തൃശൂരിനുണ്ടായേക്കും. വഴിമുട്ടി നിൽക്കുന്ന കൂർക്കഞ്ചേരി - കൊടുങ്ങല്ലൂർ റോഡ് വികസനം, തൃശൂർ - കുറ്റിപ്പുറം റോഡ് എന്നിവയിൽ എം.പിയെന്ന നിലയിലുള്ള ഇടപെടൽ തൃശൂർ പ്രതീക്ഷിക്കുന്നുണ്ട്. വാഹനബാഹുല്യം കൊണ്ടും ഇടുങ്ങിയ റോഡിനാലും വീർപ്പുമുട്ടുന്ന നഗരക്കാഴ്ചയാണ് എന്നും നഗരത്തിലെത്തുന്നവരെ വരവേൽക്കുന്നത്. അതിനൊരു മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. തൃശൂരിലേക്ക് മെട്രോ നീട്ടുന്നതുൾപ്പെടെ തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങളും പ്രതീക്ഷ നൽകുന്നു. ദേശീയപാത 566ന്റെ വികസന മേൽനോട്ടം, മോദി സർക്കാരിന്റെ പ്രധാന പദ്ധതിയായ ജൽജീവൻ മിഷന്റെ പൂർത്തീകരണം, തേക്കിൻകാടിന്റെ സൗന്ദര്യവത്കരണം ഉൾപ്പെടെ പരിഗണിക്കേണ്ട വികസനകാര്യങ്ങൾ നിരവധിയാണ്.

ക്ഷേത്രനഗരികളുടെ വികസനം


ഗുരുവായൂർ, തൃപ്രയാർ, ഇരിങ്ങാലക്കുട, വടക്കുന്നാഥ ക്ഷേത്രം, ശ്രീകുരുംബ ഭഗവതിക്ഷേത്രം, പുത്തൻപള്ളി തുടങ്ങി പ്രസിദ്ധമായ ആരാധനാലയങ്ങൾ ഉൾക്കൊള്ളുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളുടെ വികസനപ്രതീക്ഷകളും പ്രധാനമാണ്. ഗുരുവായൂർ ക്ഷേത്രം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ച തൃപ്രയാർ ക്ഷേത്രത്തിന്റെ വികസനം, കൂടൽമാണിക്യം ഉൾപ്പെടെയുള്ളവയുടെ വികസനവും തൃശൂർ ജനത ഉറ്റുനോക്കുന്നു.

മറ്റ് വികസന പ്രതീക്ഷകൾ

ശക്തൻ മാർക്കറ്റിന്റെ ആധുനീകരണം
അഴുക്കുചാൽ പദ്ധതി
തൃശൂരിനെ നോളജ് സിറ്റിയാക്കൽ
തൃശൂർ - ഗുരുവായൂർ റെയിൽപ്പാത ഇരട്ടിപ്പിക്കലും തിരൂർ വരെ നീട്ടലും
മണ്ണുത്തി - ചൂണ്ടൽ ഗുരുവായൂർ വഴി തീരദേശ ഹൈവേയിലേക്ക് ബൈപാസ്
മെഡിക്കൽ കോളേജ് നവീകരണം
കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ നവീകരണം
കോൾപ്പാടങ്ങളിൽ സൗരോർജ്ജ പദ്ധതി
ടെൻഡർ നടപടിയിലേക്ക് കടന്ന തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനം

( ഇന്ന് മുതൽ ഒരോ നിയമസഭ മണ്ഡലങ്ങളിലും എം.പിയുടെ ഇടപെടൽ വേണ്ട പദ്ധതികളെ അഭിപ്രായങ്ങൾ)