കൊടകര: സ്‌കൂൾ വിദ്യാർത്ഥികൾക്ക് എല്ലാ ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാക്കി കുട്ടികളുടെ അവധിദിനങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നടപടിയിൽ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചാലക്കുടി സബ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കു ശനിയാഴ്ച അവധി ദിവസമാക്കിയും ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയുമുള്ള പുതിയ അക്കാഡമിക് കലണ്ടർ പരിഹാസ്യമാണെന്നും കെ.പി.എസ്.ടി.എ ആരോപിച്ചു.
അദ്ധ്യാപക സമൂഹത്തെ വിശ്വാസത്തിൽ എടുക്കാതെ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി ഏകപക്ഷീയമായി തയ്യാറാക്കിയ അക്കാഡമിക് കലണ്ടർ പിൻവലിക്കണമെന്നും കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. ചാലക്കുടി സബ് ജില്ലാ പ്രസിഡന്റ് പി.യു. രാഹുൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പ്രവീൺ എം. കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ആന്റോ പി. തട്ടിൽ, എം.വി. മിനിമോൾ, കെ.എം. റാഫി, പി.എക്‌സ്. മോളി, ഐ.എൻ. ശ്രീജ, ജോസ് പോൾ, കെ.വി. അജയ്കുമാർ, ടിജോ തോമസ് എന്നിവർ സംസാരിച്ചു.