വടക്കാഞ്ചേരി: പുരുഷന്മാരുടെ ക്ഷേമം ഉറപ്പുവരുത്താൻ പുരുഷൻമാർക്കായി കമ്മിഷൻ സ്ഥാപിക്കണമെന്ന ആവശ്യവുമായി പുരുഷക്ഷേമ ട്രസ്റ്റിന്റെ (എം.ഡബ്ല്യു.ടി) ബൈക്ക് യാത്രയ്ക്ക് തുടക്കം. പുരുഷ ആത്മഹത്യകളും, ലിംഗാധിഷ്ഠിത നിയമങ്ങളുടെ ദുരുപയോഗവും, ഉൾപ്പെടെ പുരുഷന്മാരെ ബാധിക്കുന്ന നിർണായക വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. 118 മണിക്കൂറിനുള്ളിൽ 3010 കിലോമീറ്റർ സഞ്ചരിച്ച് റെക്കാഡ് സൃഷ്ടിച്ച ബൈക്കർ അംജദ്ഖാൻ, പുരുഷപീഡനത്തിന് ഇരയായ സന്ദീപ് പവാരിയ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര.
പരിവർത്തന യാത്രയെന്നാണ് യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകുന്ന യാത്ര 15,000 കിലോമീറ്ററിലധികം സഞ്ചരിക്കും. ഡൽഹി, ലഖ്‌നൗ, പട്‌ന, സിലിഗുരി, കൊൽക്കത്ത, ഭുവനേശ്വർ, വിശാഖപട്ടണം, ഗുണ്ടൂർ, ചെന്നൈ, രാമേശ്വരം, കന്യാകുമാരി, തൃശൂർ, ഗോവ, കോലാപൂർ, പൂനെ, മുംബയ്, അഹമ്മദാബാദ്, ജയ്‌സാൽമീർ, ബിക്കാനീർ, ചണ്ഡീഗഡ്, ജമ്മു, കാർഗിൽ, ലേ , സർച്ചു, മണാലി, ഷിംല, ഡെറാഡൂൺ, ഹരിദ്വാർ തുടങ്ങിയ പ്രദേശങ്ങളിലൂടെയെല്ലാം കടന്നുപോകും.
യാത്രയ്ക്ക് ഇന്നലെ തെക്കെ ഗോപുര നടയിൽ പുരുഷാവകാശ സംരക്ഷണ സമിതി, മെ ൻസ് റൈറ്റ് ഫൗണ്ടേഷൻ, കുടുംബ വിമോചന വേദി എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പി. ആർ. ഗോകുൽ, ജോയ് അറക്കൽ, മോഹനൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. യാത്ര 20 സംസ്ഥാനങ്ങൾ പിന്നിട്ട് 26 ന് ഡൽഹിയിൽ സമാപിക്കും.
സംഘടന പറയുന്നു
പുരുഷന്മാർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ അംഗീകരിക്കുന്നതിലും പരിഹരിക്കുന്നതിലും മൗനം വെടിയണം.
സമഗ്രമായ മാനസികാരോഗ്യ പിന്തുണയും നീതിയുക്തമായ നിയമനടപടികളും പിതാക്കന്മാരുടെ അകൽച്ച തടയാൻ രക്ഷാകർതൃ സമ്പ്രദായങ്ങളും സ്വീകരിക്കണം.
കുട്ടികളുടെ ജീവിതത്തിൽ നിന്ന് വിവേചനം, പക്ഷപാതം, അസമത്വം എന്നിവ പരിഹരിക്കാനുള്ള ഒരു വേദി വേണം.