വല്ലച്ചിറ: സ്വകാര്യ സ്‌കൂൾ ഗ്രൗണ്ട് നിർമ്മാണത്തിന്റെ മറവിൽ അനധികൃതമായി നടത്തിയ മണ്ണെടുപ്പ് വില്ലേജ് ഓഫീസ് അധികൃതർ തടഞ്ഞു. മണ്ണ് കൊണ്ട് പോയിരുന്ന ജെ.സി.ബിയും ടിപ്പറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇളംകുന്നിൽ ശാന്തമറിയ സ്‌കൂൾ അക്കാഡമിയുടെ ഗ്രൗണ്ട് ഒരുക്കുന്നതിന്റെ മറവിൽ നടത്തിയ മണ്ണെടുപ്പാണ് ഇന്നലെ ഉച്ചയോടെ വല്ലച്ചിറ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ തടഞ്ഞത്. മണ്ണെടുപ്പ് നടത്തരുതെന്ന് സ്‌കൂൾ അധികൃതർക്ക് വില്ലേജ് ഓഫീസിൽ നിന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഹെക്ടർ കണക്കിന് സ്ഥലത്ത് അതവഗണിച്ച് പലതവണകളായി മണ്ണെടുപ്പ് നടത്തിവരികയായിരുന്നു. നാട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ വല്ലച്ചിറ വില്ലേജ് ആഫീസർ ഐ.എ. ഷിനോദ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഓഫീസർ കെ.എ. ഷാജി എന്നിവരുടെ നേതൃത്വത്തിൽ മണ്ണെടുത്ത് കൊണ്ടുപോകുകയായിരുന്ന ജെ.സി.ബിയും ടിപ്പർ ലോറികളും ഒരു ലോഡ് മണ്ണും പിടികൂടി. ഹൈക്കോടതി അനുമതിയോടെയാണ് തങ്ങൾ ഗ്രൗണ്ട് നവീകരിക്കുന്നതിനായി മണ്ണെടുപ്പ് നടത്തുന്നത് സ്‌കൂൾ അധികൃതർ പറയുന്നുണ്ടെങ്കിലും വ്യാജമാണെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. സ്‌കൂൾ പ്രവർത്തനരഹിതമായ നിലയിലാണെന്ന് നാട്ടുകാർ പറയുന്നു. അനധികൃത മണ്ണെടുപ്പിനെ തുടർന്ന് പടിച്ചെടുത്ത വാഹനങ്ങൾ ചേർപ്പ് പൊലീസിന് വില്ലേജ് അധികൃതർ കൈമാറി.