palam
അന്തിക്കാട് കോൾപ്പാടത്തെ ബന്ധിപ്പിക്കുന്ന കോവിലകംകടവ് പാലത്തിന്റെ അടിഭാഗം തകർന്ന നിലയിൽ.

അന്തിക്കാട്: അന്തിക്കാട് കോൾപ്പാട ശേഖരത്തെ പ്രധാന ബണ്ടുമായി ബന്ധിപ്പിക്കുന്ന പുത്തൻ കോവിലകംകടവ് പാലത്തിന്റെ അടിഭാഗം ഭാഗികമായി തകർന്നു. മൊത്തം മൂന്ന് സ്ലാബുകളുള്ള പാലത്തിലെ നടുവിലത്തെ സ്ലാബാണ് പൂർണമായും തകർന്നിട്ടുള്ളത്. വാർപ്പ് ദ്രവിച്ച് ഇരുമ്പ് കമ്പികൾ പൂർണമായും പുറത്ത് വന്ന നിലയിലാണ്. പ്രദേശവാസികളായ ഉൾനാടൻ മത്സ്യത്തൊഴിലാളി മരുതായിൽ മോഹനനും പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർ ചോണാട്ട് വിജയനും കഴിഞ്ഞദിവസം കോൾ ചാലിൽ ഇറങ്ങിയപ്പോഴാണ് പാലത്തിന്റെ തകർച്ച പുറത്തറിഞ്ഞത്. പുറത്തുനിന്നു നോക്കുമ്പോൾ ഈ പാലത്തിന്റെ താഴ്ഭാഗത്തെ സ്ലാബുകളുടെ തകർച്ച വേണ്ടവിധം മനസ്സിലാക്കാനാവില്ല. വർഷങ്ങൾ പഴക്കമുള്ള പാലം അടിയന്തരമായി പുനർനിർമ്മിക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാണ്. പാടശേഖരവുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമർഹിക്കുന്നതാണ് ഈ പാലം എന്നതിനാൽ അടിയന്തര നടപടികൾ എടുക്കണമെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളിയും സാക്‌സോ ഫോൺ കലാകാരനുമായ കിഷോർ കുമാർ അന്തിക്കാട് ആവശ്യപ്പെട്ടു.

കോൾപ്പാടശേഖരത്തിലെ പ്രധാന പാലം
അന്തിക്കാട് കോൾപ്പാടശേഖരത്തിലെ കൃഷി ആവശ്യങ്ങൾക്കായി വളവും അനുബന്ധ സാധന സാമഗ്രികളും ഈ പാലത്തിലൂടെയാണ് കൊണ്ടുപോകുന്നത്. വിളവെടുക്കുന്ന നെല്ല് ചാക്കുകൾ വലിയ വണ്ടികളിൽ കയറ്റി നിശ്ചിത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഈ പാലം വഴിയാണ്.