divider

വടക്കാഞ്ചേരി : അപകടം ഒഴിവാക്കാൻ ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പാർളിക്കാട് വ്യാസ കോളേജ് സ്റ്റോപ്പിന് സമീപം സ്ഥാപിച്ച ഡിവൈഡർ അപകടക്കെണിയാകുന്നു. അശാസ്ത്രീയമായ ഡിവൈഡർ നിർമ്മാണമാണ് വിനയാകുന്നത്.

മേഖലയിൽ വളവില്ലാത്ത പ്രദേശമാണ് സംസ്ഥാന പാത. എന്നാൽ ഡിവൈഡർ തുടങ്ങുന്നിടത്ത് വലിയ തിരിവാണ്. വേഗത്തിലെത്തുന്ന വാഹനങ്ങൾ ആവശ്യത്തിന് ഉയരമില്ലാത്തതിനാൽ റോഡിന് നടുവിലെ ഡിവൈഡറിന് മുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് പതിവാണ്.

തൃശൂർ ഭാഗത്ത് നിന്ന് വരുമ്പോൾ വ്യാസ കോളേജ് റോഡിലേക്ക് വാഹന പ്രവേശനവും, തിരിച്ച് സംസ്ഥാന പാതയിലേക്കുള്ള പ്രവേശന മാർഗവും ഡിവൈഡറിന് തൊട്ടു മുന്നിലാണ്. ഇതും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. വീതി കൂടിയ റോഡിന്റെ വടക്കാഞ്ചേരി ഭാഗത്തേക്കുള്ള പ്രദേശം വീതി തീരെ കുറവാണ്. തൊട്ട് താഴെ റെയിൽ പാളം. ഡിവൈഡറിൽ ചെറുമരങ്ങൾ വളർന്ന് നിൽക്കുന്നു. പുല്ലും, കാട്ടുപൊന്തകളും ഉടനീളം വളരുന്നു. ഇതെല്ലാം വെട്ടിമാറ്റി സുരക്ഷാ മുൻകരുതൽ സ്ഥാപിച്ചാൽ അപകടങ്ങൾ ഇല്ലാതാക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ കുറച്ചുനാളായി ഇവിടെ അപകട പരമ്പര തന്നെ നടന്നു. രണ്ട് വിലപ്പെട്ട ജീവൻ നഷ്ടമായി. നിരവധി പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലായി. ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കാൻ ഉയരവിളക്ക് ഡിവൈഡർ പരിസരത്തുണ്ടെങ്കിലും, പാതയോരത്ത് വളർന്ന് പന്തലിച്ച് നിൽക്കുന്ന മരങ്ങൾക്കിടയിലാണ് വിളക്കിന്റെ സ്ഥാനം. ഇനിയും ജീവൻ നഷ്ടപ്പെടാതിരിക്കാൻ അധികൃതർ സത്വരമായി ഇടപെടണമെന്നാണ് ആവശ്യം.

നവീകരണത്തിന് 4 ലക്ഷം : പദ്ധതി കടലാസിൽ

വടക്കാഞ്ചേരി : പാർളിക്കാട് ഡിവൈഡർ പരിസരം അപകട രഹിതമാക്കാൻ മുൻ എം.പി രമ്യ ഹരിദാസ് ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ആവിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച നാല് ലക്ഷത്തിന്റെ പദ്ധതി കടലാസിലുറങ്ങി. ഡിവൈഡർ ആധുനിക രീതിയിലേക്ക് മാറ്റി നിർമ്മിക്കുക, ഇരുഭാഗത്തും സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കുക എന്നിവയായിരുന്നു പദ്ധതി. രമ്യ ഹരിദാസ് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറെ നേരിട്ട് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കാമെന്ന ഉറപ്പ് ലഭിച്ചത്. പദ്ധതിക്കായി എസ്റ്റിമേറ്റും തയ്യാറാക്കി. പിന്നാലെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഫയൽ അതിൽ മുങ്ങി.


തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ച സാഹചര്യത്തിൽ പദ്ധതി എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണം.

കെ.അജിത് കുമാർ
നഗരസഭ പ്രതിപക്ഷ നേതാവ്
ഡി.സി.സി ജനറൽ സെക്രട്ടറി.