പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സുസ്ഥിര കാർഷികവികസന മൂന്നാംവാർഷിക പദ്ധതിയുടെ ഔഷധ സസ്യതൈ നടീൽ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മതിലകം ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി പീച്ചി കെ.എഫ്.ആർ.ഐയുടെ സാങ്കേതിക സഹകരണത്തോടെ നടപ്പാക്കിയ സുസ്ഥിര കാർഷിക വികസന പദ്ധതിയുടെ രണ്ടാം വാർഷികവും മൂന്നാംവാർഷിക പദ്ധതിയുടെ ഭാഗമായുള്ള ഔഷധ സസ്യത്തൈ നടീൽ ഉദ്ഘാടനവും ലോക പരിസ്ഥിതി ദിനാചാരണത്തോട് അനുബന്ധിച്ച് നടത്തി. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കെ.എഫ്.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ. സുജനപാൽ പരിസ്ഥിതി പരിപാലനത്തിന്റെ അനിവാര്യത സംബന്ധിച്ച് പ്രഭാഷണം നടത്തി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അദ്ധ്യക്ഷയായി. മുൻവർഷത്തെ കാർഷികാദായം തൊഴിലുറപ്പ് തൊഴിലാളികൾക്കും കൃഷിക്ക് ഭൂമി വിട്ട് നൽകിയവർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. ഗോപിനാഥൻ ട്രോഫികൾ സമ്മാനിച്ചു. ബാങ്ക് ഡയറക്ടർ ഇ.കെ. ബിജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനില, പഞ്ചായത്ത് സെക്രട്ടറി രാമദാസ്, വൈസ്പ്രസിഡന്റ് ടി.എസ്. രാജു, പഞ്ചായത്ത് അംഗങ്ങളായ ഒ.എ. ജെൻട്രിൻ, പ്രേമാനന്ദൻ, പ്രിയ ഹരിലാൽ, കെ.കെ. സഗീർ എന്നിവർ സംസാരിച്ചു.
ലക്ഷ്യം ഏഴായിരത്തോളം തൊഴിൽദിനങ്ങൾ
മൂന്നാം വർഷത്തിൽ 15 ഏക്കറിൽ കുറുന്തോട്ടിക്ക് പുറമെ മഞ്ഞൾ, കസ്തൂരി മഞ്ഞൾ തുടങ്ങിയ ഔഷധ സസ്യക്കൃഷിയിലൂടെ ഏഴായിരത്തോളം തൊഴിൽ ദിനങ്ങളാണ് ലക്ഷ്യമിടുന്നത്. മുൻവർഷം എട്ടേക്കറിൽ നടത്തിയ കുറുന്തോട്ടി കൃഷിയിലൂടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അയ്യായിരം തൊഴിൽ ദിനങ്ങൾ നൽകുന്നതിനും കൃഷിയിൽ നിന്നും മിച്ചമായി ലഭിച്ച മുഴുവൻ ആദായവും പങ്കിട്ട് നൽകാനുമായിരുന്നു.