
വടക്കാഞ്ചേരി : ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം നടപ്പാക്കുന്ന സമൃദ്ധി പദ്ധതിക്ക് തുടക്കം. പരിസ്ഥിതി ദിന പ്രമേയമായ ഭൂമി പുനരുദ്ധാരണം, വരൾച്ച പ്രതിരോധം, മരുഭൂവത്കരണം എന്നിവ ഉൾപ്പെട്ട കാമ്പയിനാണ് നടപ്പാക്കുന്നത്. പ്രാദേശിക ഫലങ്ങളായ ചക്ക, മാങ്ങ, പേരക്ക, സപ്പോട്ട, ചാമ്പ , ആഞ്ഞിലി തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി .
വളണ്ടിയർമാർക്ക് വിത്ത് ശേഖരിക്കാനും ശാസ്ത്രീയമായി മുളപ്പിക്കാനും കർഷകരുടെ സഹായത്തോടെ പരിശീലനം നൽകും. ഓരോ വളണ്ടിയറും 10 തൈകൾ വീതം തയ്യാറാക്കും . ജില്ലയിലെ 117 യൂണിറ്റുകളിലെ വളണ്ടിയർമാർ 58,000 തൈകൾ തയ്യാറാക്കി നട്ടുവളർത്തും. ജില്ലാതല ഉദ്ഘാടനം അവണൂർ ശാന്ത ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. വൃക്ഷതൈ നട്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അദ്ധ്യക്ഷയായി. ഹയർ സെക്കൻഡറി എൻ.എസ്.എസ് ജില്ലാ കൺവീനർ എം.വി.പ്രതീഷ്, ഹരിതകേരളം മിഷൻ കോർഡിനേറ്റർ എസ്.ദിദിക, സ്‌കൂൾ പ്രിൻസിപ്പൽ പി.സുപ്രിയ, പ്രോഗ്രാം ഓഫീസർ പ്രസീദ പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.
എൻ.എസ്.എസ് സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അവണൂർ ശാന്ത ഹയർ സെക്കൻഡറി സ്‌കൂളിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.