തൃശൂർ: മഴയൊഴിഞ്ഞിട്ടും പണി തുടങ്ങാതെ തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത. കർണ്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കുളള ലോറികളും ദീർഘദൂര ബസുകളും ഗുരുവായൂർ തീർത്ഥാടക വണ്ടികളും അടക്കം ആയിരക്കണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന സംസ്ഥാനത്തെ പ്രധാനപാത ഇപ്പോൾ വെളളക്കെട്ടും കുഴികളും നിറഞ്ഞ് വൻഗതാഗതക്കുരുക്കിലാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതാണ് പണികൾക്കുളള ടെൻഡർ നൽകാൻ തടസമെന്ന് പറഞ്ഞ് കെ.എസ്.ടി.പി. അധികൃതർ ഇതുവരെ കൈകഴുകുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് ആറ് ദിവസം പിന്നിട്ടിട്ടും പണി തുടങ്ങിയില്ല. റോഡിന്റെ പുനർനിർമാണം നടത്തിയിരുന്ന കരാറുകാരാണ് കഴിഞ്ഞവർഷം ഓരോ മഴ കഴിയുമ്പോഴും കുഴികൾ നികത്തിയിരുന്നത്. പുനർനിർമാണത്തിന് പുതിയ കരാർ നൽകുന്നതിന് സാങ്കേതിക നടപടികൾ ഏറെയാണ്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പുനർനിർമാണത്തിന് കെ.എസ്.ടി.പി.ക്ക് കൈമാറിയിരുന്നു. എന്നാൽ റോഡ് പണിതിരുന്ന കരാറുകാർ പണി നിറുത്തി പോയെന്ന് പറയുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയിരുന്നു.
ചീറിപ്പാഞ്ഞ് ബസുകൾ
ലുലു സെന്റർ മുതൽ ചൂണ്ടൽ വരെയുള്ള റോഡാണ് ഏറെയും തകർന്നത്. റോഡിൽ കുരുങ്ങുന്ന ഓർഡിനറി ബസുകളും ദീർഘദൂര ബസുകളും സമയത്തിനെത്താൻ കുത്തിക്കയറ്റിയും ചീറിപ്പായുകയാണ്. ബസുകളുടെ അമിതവേഗത തടയാൻ പൊലീസോ മോട്ടോർവാഹന വകുപ്പോ ഇടപെടുന്നില്ല. ബസുകൾക്ക് കേടുപാടുണ്ടാകുകയും ട്രിപ്പുകൾ മുടങ്ങുകയും ചെയ്യുന്നുണ്ടെന്നാണ് ബസുടമകൾ പറയുന്നത്. പുഴയ്ക്കൽ മുതൽ ചൂണ്ടൽ വരെ സമയത്തിനെത്താൻ പറ്റാതാകുമ്പോൾ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കവും പതിവാണ്.
പുനർനിർമാണകരാറിൽ പൂർത്തിയായത്: 20 ശതമാനം
നിലവിലുളള നിർമ്മാണച്ചെലവ്: 218.44 കോടി
അശാസ്ത്രീയ കുഴിയടയ്ക്കൽ
29 ലക്ഷം കിട്ടി, പണിയെന്ന്?
കുഴികളടയ്ക്കുന്നതിനും കാന വൃത്തിയാക്കുന്നതിനുമായി 29 ലക്ഷം രൂപ അനുവദിച്ചെന്ന് പറയുന്നുണ്ടെങ്കിലും പണിയെന്ന് തുടങ്ങുമെന്ന് വ്യക്തമല്ല. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നിർദേശം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയിട്ടുണ്ടെന്നും കെ.എസ്.ടി.പി. ചീഫ് എൻജിനീയർ വ്യക്തമാക്കിയിരുന്നു.
ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഉടൻ പണി തുടങ്ങും. പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇന്ന് വീണ്ടും ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തും.
മുരളി പെരുന്നെല്ലി എം.എൽ.എ