vellakkett
അന്തിക്കാട് പഞ്ചായത്ത് ബസ് സ്റ്റോപ്പിന് എതിർവശത്ത് ലിങ്ക് റോഡിലെ വെള്ളക്കെട്ട്.

അന്തിക്കാട്: അന്തിക്കാട് മിനി സിവിൽ സ്റ്റേഷൻ ലിങ്ക് റോഡിൽ രൂക്ഷമായ വെള്ളക്കെട്ട്. വെള്ളക്കെട്ട് മൂലം വാഹന, കാൽനട യാത്രികർ ഒരുപോലെ ദുരിതം പേറുകയാണ്. പഞ്ചായത്ത് ബസ് സ്റ്റോപ്പിന് എതിർവശത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഈ വെള്ളക്കെട്ടിന് ഒരു വശം ചേർന്നാണ് ഓട്ടോറിക്ഷ, ടാക്‌സി കാർ പാർക്കിംഗ്. ഒട്ടോറിക്ഷകൾ വരിവരിയായി പാർക്ക് ചെയ്യുന്ന സമയം ഇതുവഴി വരുന്ന കാൽനടയാത്രക്കാർക്ക് മുട്ടോളം വെള്ളക്കെട്ടിലൂടെ നടന്നുവേണം അപ്പുറത്തെത്താൻ. അന്തിക്കാട് ബസ് സ്റ്റോപ്പിൽ ഇറങ്ങുന്ന ഭൂരിഭാഗം യാത്രക്കാരും അന്തിക്കാട് പഞ്ചായത്ത് ഓഫീസ്, മിനി സിവിൽ സ്റ്റേഷനിലെ എക്‌സൈസ് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ ഓഫീസുകളിലേക്കും വെറ്ററിനറി പോളിക്ലിനിക്കിലേക്കും മാവേലി സ്റ്റോറിലേക്കും എത്തുന്നവരാണ്. ഈ റോഡിലൂടെയുള്ള യാത്രാദുരിതം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ജനകീയ ആവശ്യം.