പാവറട്ടി: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പടയൊരുക്കവുമായി ഒരു വിഭാഗം പ്രവർത്തകർ പാവറട്ടിയിൽ സമാന്തരയോഗം ചേർന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മണ്ഡലം പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ ഒപ്പം നിൽക്കുന്നവരുടെയും പ്രവർത്തനങ്ങളിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഈ വിഭാഗം വിട്ടുനിൽക്കുമെന്ന അവസ്ഥ വന്നതോടെ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയാണ് പ്രശ്‌നം താത്ക്കാലികമായി പരിഹരിച്ചത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് സമിതിയുടെ ചെയർമാൻ സ്ഥാനം മണ്ഡലം പ്രസിഡന്റിന് നൽകാതെ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഒ.ജെ ഷാജന് നൽകി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം മണ്ഡലം പ്രസിഡന്റിനെ മാറ്റാമെന്ന് ഡി.സി.സി പ്രസിഡന്റ് ഉറപ്പു നൽകിയിരുന്നതായി ഈ വിഭാഗം പറയുന്നു. എന്നാൽ മണ്ഡലം പ്രസിഡന്റിനെ മാറ്റുന്ന കാര്യം നീണ്ടു പോകുന്നതാണ് സമാന്തരയോഗം ചേരുന്നതിന് കാരണമായത്. തീരുമാനമായില്ലെങ്കിൽ ഉടൻ നടക്കുന്ന പാവറട്ടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര തീരുമാനങ്ങളുമായി മുന്നോട്ടു പോകാനാണ് ഈ വിഭാഗത്തിന്റെ തീരുമാനം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മരുതയൂർ കാളാനി ഒന്നാം വാർഡിലെ പ്രവർത്തനങ്ങളെയും ഇത് കാര്യമായി ബാധിക്കും. മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി അബ്ദുല്ല അധ്യക്ഷനായി. ഓ.ജെ ഷാജൻ, സലാം വെൻമേനാട്, കമാലുദ്ദീൻ തോപ്പിൽ, ജോബി ഡേവിഡ്, മീര ജോസ്, ഉമ്മർ സലീം, ഡേവിസ് പുത്തൂർ, എം.കെ. അനിൽകുമാർ, ഷിജു വിളക്കാട്ടുപാടം, മോഹനൻ വെൻമേനാട്, സഹകരണ ബാങ്ക് പ്രസിഡന്റ് എ.സി. വർഗീസ്, പാവറട്ടി പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ സിന്ധു അനിൽകുമാർ, ഷാബിന സലീം, സി.പി വത്സല, എൻ.പി കാദർ മോൻ, പഞ്ചായത്ത് മെംബർമാരായ ജറോം ബാബു, ജോസഫ് ബെന്നി, സുനിതാ രാജു ടി.കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

പടയൊരുക്കവുമായി ഒരു വിഭാഗം