malinyam
പമ്പ് ഹൗസിനടുത്ത് മാംസാവശിഷ്ടങ്ങളും, മാലിന്യങ്ങളുംവലിച്ചെറിഞ്ഞനിലയില്‍

വരന്തരപ്പിള്ളി: മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ച് കുപ്പത്തൊട്ടിയായി വരന്തരപ്പിള്ളിയിലെ തോട്ടുമുഖം. പഞ്ചായത്തിലെ തോട്ടു മുഖം കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് സമീപമാണ് ഈ വിധം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. വരന്തരപ്പിള്ളി പഞ്ചായത്തിലെ പകുതിയിൽ കൂടുതൽ കുടുംബങ്ങൾ പമ്പ് ഹൗസിനെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. കുറുമാലി പുഴയുടെ സമീപത്താണ് പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം കാട് മൂടി നിൽക്കുന്നതിനാൽ മാലിന്യം നിക്ഷേപിക്കാൻ സൗകര്യമാണ്.
പുഴയോരത്തുള്ള റോഡിലൂടെ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങളാണ് ഇവിടെ വലിച്ചെറിയുന്നത്. മഴയിൽ ചീഞ്ഞളിയുന്ന മാലിന്യം ഒഴുകി പുഴ വെള്ളത്തിൽ കലരുകയാണ്. പഞ്ചായത്തിലെ വിവിധ മാംസ വിൽപ്പന ശാലകളിലെ അവശിഷ്ടങ്ങളും അനധികൃത കശാപ്പിനു ശേഷമുള്ള മാലിന്യങ്ങളും ചാക്കിൽ കെട്ടിയാണ് പുഴയിലേക്ക് എറിയുന്നത്. തോട്ടു മുഖം പുഴയോരത്ത് ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്ന ആവശ്യം ശകതമാണ്. ക്യാമറ സ്ഥാപിച്ച് മാലിന്യ തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരികണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പൊതു പ്രവർത്തകൻ സുരേഷ് ചെമ്മനാടൻ കത്തു നൽകി.

കാട് മൂടി പ്രദേശം