pasa

ആദ്യവിളയായ പാവയ്ക്ക പണി തന്നു, പ്രതികൂല കാലാവസ്ഥയിൽ നഷ്ടം

ചേലക്കര: കാലാവസ്ഥ ചതിച്ച് കടക്കെണിയിലായി, ഇനി ഓണവിപണിയിലാണ് ചേലക്കരയിലെ കർഷകപ്രതീക്ഷ. ആദ്യവിളയായി കൃഷിയിറക്കിയ പാവയ്ക്ക നല്ലൊരു പണിയാണ് കർഷകർക്ക് കൊടുത്തത്. പണിയെടുത്തവർക്ക് കൂലി പോലും നൽകാനുള്ള വിളവ് ഉണ്ടായില്ല. വേനൽച്ചൂടിൽ വൈറസ് രോഗവും മുരടിപ്പും ചെടികളെ ബാധിച്ച് പാടേ നശിച്ചതാണ് കാരണം. കൃഷിയിറക്കാനും പന്തലിനും ഒക്കെയായി ഒരേക്കറിന് രണ്ടുലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടും കിട്ടിയത് തുച്ഛം.

രണ്ടാം വിളയായി പയർ കൃഷിയാണ് പലരും ഇറക്കുന്നത്. പഴയ തടത്തിലും പന്തലിലും തന്നെ പയർ കയറ്റിയാൽ ചെലവ് കുറയുമെന്നും പ്രതീക്ഷയുണ്ട്. കർണാടക സർവകലാശാല വികസിപ്പിച്ച അറക്കാ മംഗള ഇനത്തിൽപ്പെട്ട വിത്താണ് ഇക്കുറി കൃഷിയിറക്കുന്നത്. ആലത്തൂരിലെ വി.എഫ്.പി.സി.കെയിൽ നിന്നും കിലോയ്ക്ക് 1500 രൂപ നിരക്കിൽ വാങ്ങിയ വിത്ത് 110 ദിവസം കൊണ്ട് നല്ല വിളവ് തരുമെന്നാണ് പ്രതീക്ഷ.

ഇരുപതാം നാൾ മുതൽ പന്തലിലേക്ക് പയ‌ർ വള്ളി കയറ്റിയാൽ 45-ാം ദിനം മുതൽ പൂവിട്ട് തുടങ്ങും. അറുപതാം നാൾ മുതൽ വിളവെടുപ്പ് തുടങ്ങാം. ഒന്നിടവിട്ട ദിവസങ്ങളിലാണ് വിളവെടുക്കുക. ഒരേക്കറിൽ കൃഷിയിറക്കിയാൽ ശരാശരി രണ്ടര ടൺ വിളവ് ലഭിച്ചേക്കും. ഓണക്കാലത്തെ വില നിലവാരമാകും ലാഭനഷ്ടങ്ങൾ തീരുമാനിക്കുക. കഴിഞ്ഞ തവണത്തെ പാവയ്ക്കാത്തടത്തിൽ കൃഷി ചെയ്യുമ്പോൾ ഒരേക്കറിന് മുപ്പതിനായിരം രൂപ മാത്രം ചെലവഴിച്ചാൽ മതിയാകും. അല്ലെങ്കിൽ രണ്ടു ലക്ഷത്തോളം വരും.

ഒരു വിത്തിന് വില: 1500 രൂപ

ചെടിയുടെ ആയുസ്: 110 ദിവസം

ഒരേക്കറിലെ മൊത്തം പ്രതീക്ഷിത വിളവ്: രണ്ടര ടൺ

പാവയ്ക്കാത്തടത്തിൽ കൃഷിയിറക്കാൻ ചെലവ്: 30000 രൂപ

നേരിട്ട് കൃഷിറിക്കാൻ ചെലവ്: 2 ലക്ഷം

അദ്ധ്വാനത്തിന് ഫലമില്ല, കൂലിയില്ല

ജൈവവളമിട്ട് തടമെടുത്ത് കള കയറാതിരിക്കാൻ മൾച്ചിംഗ് ഷീറ്റ് പൊതിഞ്ഞ് വിത്തിട്ട് മുള പൊട്ടുമ്പോഴേക്കും മയിലുകളും പ്രാവുകളും ചെടി നശിപ്പിക്കും. ഇവയെ അതിജീവിപ്പിച്ച് വളവും മരുന്നും നൽകി കീടനാശിനി തളിച്ച് കാലാവസ്ഥ കൂടി അനുകൂലമാകുമ്പോൾ മാത്രമേ കൃഷി ലാഭകരമാകൂ. സ്വന്തമായി പണിയെടുക്കുന്ന അദ്ധ്വാനത്തിന് കൂലി പോലും കണക്കുകൂട്ടാതെയാണിത്. കൃഷിയുടെ ചെലവും വരവും കൂട്ടിയാൽ കൃഷി ലാഭകരമല്ലാതായെന്നും അവസാപ്പിക്കാനിരിക്കുകയാണെന്നും പലരും പറയുന്നു.