ചാലക്കുടി: കാർഷിക വിളകളെ അടിമുടി നശിപ്പിക്കുന്ന കുമിൾ രോഗങ്ങളിൽ നിന്നും മോചനില്ലാതെ മേലൂർ പഞ്ചായത്ത്്. പൂലാനിയിലെ കൊളക്കാട്ടിൽ ശിവരാജന്റെ രണ്ടേക്കർ സ്ഥലത്തെ കപ്പക്കൃഷിയാണ് ഫങ്കസ് ബാധയുടെ പിടിയിലായത്.
ഒരുമാസം വളർച്ചയുള്ള തണ്ടുകളിൽ പൂപ്പൽ ബാധിച്ച അവസ്ഥയാണ്. കുമിൾ രോഗത്തിന്റെ പിടിയിലായാൽ പിന്നെ കപ്പക്കൃഷി പിഴുതു മാറ്റുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. രോഗ ബാധയേറ്റ തണ്ടുകൾ പൂർണമായും കത്തിച്ച് നശിപ്പിച്ചില്ലെങ്കിൽ അടുത്ത കൃഷിക്കും ഇവ വില്ലനാകും. ഫൈറ്റോലാൻ എന്ന കീടനാശിനിയാണ് കുമിൾ രോഗത്തിന് എതിരെയുള്ള പ്രതിവിധി. എന്നാൽ ഇതിന്റെ പ്രയോഗം കപ്പകൃഷിക്ക് ഉചിതമല്ലെന്നാണ് കൃഷി വകുപ്പിന്റെ നിഗമനം. കപ്പയുടെ വേരിലെത്തുന്ന കീടനാശിനിയുടെ അംശങ്ങൾ കിഴങ്ങുകളിൽ കൂടുതലായി അടങ്ങുന്നതാണ് കാരണം. പൂലാനിയിലെ നിലംപതിയിലെ പാട്ടത്തിനെടുത്ത കരഭൂമിയിലായിരുന്നു ശിവരാജന്റെ കപ്പകൃഷി. ഒരു ലക്ഷം രൂപ ഇതിനകം ചെലവായി. അടുത്ത ദിവസം കൃഷിഭനിൽ അപേക്ഷ നൽകാൻ ഒരുങ്ങുകയാണ് പാരമ്പര്യ കർഷകനായ ഇദ്ദേഹം. പൂലാനി കൊമ്പിച്ചാലിൽ നിരവധി കർഷകരുടേയും വിളകൾ ഇതിനകം കുമിൾ രോഗത്തിന് ഇരയായിട്ടുണ്ട്.
പ്രളയത്തിന് ശേഷമാണ് മേലൂരിന്റെ മണ്ണിൽ കുമിൾ രോഗത്തിന്റെ വ്യാപനം സാധാരണമായതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കുമ്മായം കൂടുതൽ വിതറുന്നതിൽ കർഷകർ വ്യാപൃതരാകുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമാകുന്നില്ല. രോഗബാധയുള്ള സ്ഥലത്ത് ഒരുതരം കൃഷി ആവർത്തിക്കുന്നത്് വിപരീത ഫലമാണ് ഉണ്ടാകുന്നത്.
ക്രോപ്പ് റെട്ടേഷൻ (വിള ഭ്രമണം) എന്ന കൃഷിരീതിയാണ് കുമിൾ രോഗത്തിന് പ്രകൃതി ദത്തമായ പ്രതിവിധിയെന്ന്് കൃഷി വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. ഒരു സ്ഥലത്ത് മാറിമാറി വിളകളിറക്കിയാൽ ക്രമേണ രോഗാണുക്കൾ നിർവീര്യമാകും. പയർ വർഗങ്ങളാണെങ്കിൽ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ കൂട്ടികലർത്തി വളമാക്കുന്നതും പ്രതിരോധത്തിന് അനുകൂല ഘടകമാണ്.