വല്ലച്ചിറ : ഇളംകുന്നിൽ അനധികൃതമായി മണ്ണിടിച്ച് സ്വകാര്യ സ്‌കൂൾ അധികൃതർ ഗ്രൗണ്ട് നവീകരിക്കുന്നത് തടഞ്ഞ് പൊലീസ് കസ്റ്റഡിയിലേക്ക് കൈമാറിയ ജെ.സി.ബി സംഭവ സ്ഥലത്ത് നിന്ന് കാണാതായി. കസ്റ്റഡിയിലെടുത്ത ടിപ്പർ ലോറിയിലെ മണ്ണ് സമീപത്ത് തട്ടിയ നിലയിലും കണ്ടെത്തി. മണ്ണ് തട്ടിയിരിക്കുന്നത് പെട്ടെന്ന് ശ്രദ്ധിക്കാതിരിക്കാൻ ടിപ്പർ ലോറി ഉയർത്തി കസ്റ്റഡിയിലെടുത്ത സ്ഥലത്ത് നിന്നും മാറ്റി നിറുത്തിയിട്ട അവസ്ഥയിലായിരുന്നു. ഗ്രൗണ്ടിന്റെ മുൻഭാഗത്ത് വലിയ ഗേറ്റ് സ്ഥാപിച്ചതിനാൽ പുറമെ നിന്ന് വരുന്നവർക്ക് പ്രവേശിക്കാനാകില്ല. ഇതേത്തുടർന്ന് വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് സ്‌കൂൾ ഗ്രൗണ്ടിന്റെ സമീപത്തെ വീടിന് മുകളിൽ കയറി നിന്ന് സ്ഥലം നിരീക്ഷിച്ചു. സംഭവത്തെപ്പറ്റി ചേർപ്പ് സി.ഐ: ലൈജുമോനോട് വിവരം തിരക്കിയപ്പോൾ ജെ.സി.ബിയും ടിപ്പറും സ്ഥലത്ത് തന്നെ ഉണ്ടെന്നായിരുന്നു മറുപടി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഓഫീസ് മുഖാന്തിരം വിവരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയെ വിവരം ധരിപ്പിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.