വടക്കാഞ്ചേരി: സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 25 നഴ്‌സിംഗ് കോളേജുകളിൽ ഒന്ന് വടക്കാഞ്ചേരി മണ്ഡലത്തിലെ മുണ്ടത്തിക്കോട് സ്ഥാപിക്കണമെന്ന സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ ആവശ്യം ഈ വർഷവും യാഥാർത്ഥ്യമാകില്ല. നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്നാണ് എം.എൽ.എയുടെ ഓഫീസ് വിശദീകരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ആവശ്യമായ തുക ലഭിക്കാത്തതാണ് മുണ്ടത്തിക്കോട് നഴ്‌സിംഗ് കോളേജ് യാഥാർത്ഥ്യമാകുന്നതിന് തടസമായതെന്നാണ് സൂചന. തലപ്പിള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയെ പാരന്റ് ആശുപത്രിയാക്കാനായിരുന്നു തീരുമാനം. ഇത് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ വികസനത്തിനും ഗുണകരമായേനെ.
സഹകരണ മേഖലയുടെ നേതൃത്വത്തിൽ നിർമ്മാണമാരംഭിച്ച എൻജിനീയറിംഗ് കോളേജ് കെട്ടിടവും 5.40 ഏക്കർ സ്ഥലവും പ്രയോജനപ്പെടുത്തി കേപ്പിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ നഴ്‌സിംഗ് കോളേജ് ആംഭിക്കാമെന്നായിരുന്നു നിർദ്ദേശം. 5.40 ഏക്കർ സ്ഥലത്ത് എൻജിനീയറിംഗ് കോളേജിനായി 11 കോടി രൂപ മുടക്കി കെട്ടിടം ഭാഗികമായി പണികഴിപ്പിച്ചു. പിന്നീട് എൻജിനീയറിംഗ് കോളേജെന്ന പദ്ധതി ഉപേക്ഷിച്ചു.
വെറുതെ കിടക്കുന്ന സ്ഥലവും ഭാഗികമായി നിർമ്മിച്ച കെട്ടിടവും മികച്ച ഒരു നഴ്‌സിംഗ് കോളേജും ഹോസ്റ്റലും സ്ഥാപിക്കാനായി ഉപയോഗപ്പെടുത്താനാകുമെന്ന് എം.എൽ.എ മന്ത്രി വി.എൻ.വാസവനെ അറിയിച്ചു. ക്രിയാത്മകമായ നിർദ്ദേശമാണെന്നും ഇത് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി എം.എൽ.എയെ അറിയിച്ചു. സഹകരണ വകുപ്പിന്റെ പ്രൊഫഷണൽ എഡ്യുക്കേഷൻ ഫണ്ടിൽ നിന്ന് എട്ട് കോടി രൂപ അനുബന്ധ സൗകര്യം ഒരുക്കാൻ അനുവദിക്കുമെന്ന് പ്രഖ്യാപനവും നടത്തി.