lokha-prakashanam
ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയിൽ ഉദ്ഘാടനം ചെയ്യുന്ന 'ഓർമ്മയിൽ സച്ചി വെള്ളിത്തിര 'എന്ന തിയറ്ററിന്റെ ലോഗോ പ്രകാശനം.

കൊടുങ്ങല്ലൂർ : ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ ഒന്നാം നിലയിലെ ഹാൾ ഇനി 'ഓർമ്മയിൽ സച്ചി വെള്ളിത്തിര' എന്ന പേരിൽ അറിയപ്പെടും. സംവിധായകൻ സച്ചി വായിച്ചുവളർന്ന വായനശാലയിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി തിയറ്റർ ഒരുങ്ങുകയാണ്. 'ഓർമ്മയിൽ സച്ചി വെള്ളിത്തിര'എന്ന തിയറ്ററിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു ചലച്ചിത്രവും മറ്റ് ചലച്ചിത്ര ആസ്വാദകർക്കായി മലയാള ചലച്ചിത്രവും മറ്റു ഭാഷാചിത്രങ്ങളും വിദേശ ചിത്രങ്ങളും ആഴ്ചയിൽ ഒന്ന് വീതവും പ്രദർശിപ്പിക്കുക, പരിശീലനങ്ങൾ, പ്രഭാഷണങ്ങൾ നടത്തുക എന്നിവയാണ് തിയറ്റർ കൊണ്ട് ഉദ്ദേശിക്കുന്നത്.
'ഓർമ്മയിൽ സച്ചി വെള്ളിത്തിര'എന്ന തിയറ്ററിന്റെ ലോഗോ പ്രകാശനച്ചടങ്ങിൽ കൊടുങ്ങല്ലൂരിലെ നവ ചലച്ചിത്ര പ്രതിഭകൾ ഒത്തുകൂടി. എഴുത്തുകാരനും തിരക്കഥാകൃത്തും സംസ്ഥാന അവാർഡ് ജേതാവുമായ പി.എസ്. റഫീഖ്, ഫോട്ടോഗ്രാഫറും ചിത്രകാരനും തിരക്കഥാകൃത്തുമായ കെ.ആർ. സുനിൽ, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ, തിരക്കഥാകൃത്ത് സൂരജ് വി. ദേവ്, അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് ഈഴവൻ, എഡിറ്റർ സനൽ അനിരുദ്ധൻ, സി. വിശ്വകുമാർ, എ.കെ. പ്രൊഡക്ഷൻ കൺട്രോളർ മൊയ്തീൻ എന്നിവരാണ് തങ്ങളുടെ ചലച്ചിത്ര അനുഭവങ്ങൾ സച്ചിയുടെ ഓർമ്മയിൽ പങ്കുവച്ചത്. തങ്കരാജ് ആനപ്പുഴ അദ്ധ്യക്ഷനായി. വായനശാല സെക്രട്ടറി യു.ടി. പ്രേംനാഥ് സ്വാഗതവും തിയറ്റർ കോ-ഓർഡിനേറ്റർ ബോബൻ നന്ദിയും പറഞ്ഞു.