ചാലക്കുടി: അതിരപ്പിള്ളി-വെറ്റിലപ്പാറ മേഖലയിലെ എണ്ണപ്പനത്തോട്ടങ്ങൾ ആവാസ കേന്ദ്രമാക്കി ആനകൾ. പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടങ്ങളാണ് ആനകൾക്ക് തീറ്റകേന്ദ്രമായി മാറിയിരിക്കുന്നത്. ചാലക്കുടിപ്പുഴയുടെ ഇരുകരകളിലുമായുള്ള എണ്ണപ്പന തോട്ടങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ ആനക്കൂട്ടം തമ്പടിക്കുകയാണ്. ഇഷ്ട ഭക്ഷണമായ പനമ്പട്ടയുടെ തീറ്റയും ദാഹമകറ്റാൻ പുഴയും കൂടിയുള്ളപ്പോൾ ഇവയുടെ സ്ഥിരം ആവാസ കേന്ദ്രമായി ഇവിടം മാറി. മഴക്കാലത്ത് റോഡരികിലും ജാനവാസ കേന്ദ്രങ്ങളിലും സ്ഥിരമായി ആനകളെത്തുന്നത് ഈ കാരണങ്ങൾക്കൊണ്ടാണെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം ആനത്താരയില്ലാത്തിടത്തും ആനക്കൂട്ടം റോഡ് മുറിഞ്ഞു കടക്കുകയാണ്. ഇതോടൊപ്പം ആനയുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിന് ബ്ലോഗർമാരും എത്തുന്നതോടെ പൊറുതി മുട്ടുകയാണ് മലയോരവാസികൾ. രാത്രികാലങ്ങളിൽ കൂടുതൽ ആനകൾ എണ്ണപ്പനത്തോട്ടത്തിലിറങ്ങും. ഒപ്പം ജനവാസ മേഖലയിലെ വിളകളും ഇവ നശിപ്പിക്കും. ഈ അടുത്തയിടെയാണ് ആനശല്യം രൂക്ഷമായതെന്ന് പ്രദേശവാസികൾ പറയുന്നു. എണ്ണപ്പനകൾ പ്ലാന്റ് ചെയ്യുന്നതിന് മുമ്പ് അതിരപ്പിള്ളി മേഖലയിൽ ആനകൾ കൂടുതൽ ശല്യമുണ്ടാക്കാറില്ലെന്നും ഇപ്പോൾ അയൽ ജില്ലകളിൽനിന്നുപോലും ആനകൾ ഇവിടെ എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കൃഷി വകുപ്പിന്റെ എണ്ണപ്പന കൃഷി വിജയിച്ചില്ലെങ്കിലും ആനകൾക്ക് തോട്ടം വിഹാര കേന്ദ്രമായി മാറി.