തൃശൂർ: തിരൂർ - ആട്ടോർ റോഡിലുള്ള വേലുക്കുട്ടി റെയിൽവേ മേൽപ്പാലം പൂർണമായും റെയിൽവേയുടെ ചെലവിൽ നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. 31.38 കോടി രൂപ ചെലവ് വരുന്നതാണ് മേൽപ്പാലം. ഇതോടൊപ്പം കേരളത്തിൽ ആകെ 8 മേൽപ്പാലങ്ങൾക്കാണ് ഇതുവരെ അനുമതി നൽകിയിട്ടുള്ളത്. താമസിയാതെ മറ്റ് മേൽപ്പാലങ്ങൾക്ക് അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. സ്വന്തം ചെലവിൽ മേൽപ്പാലം നിർമ്മാണം ഏറ്റെടുക്കാനുള്ള റെയിൽവേയുടെ പുതിയ നയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അനുമതി. കെ - റെയിലിനായിരിക്കും നിർമ്മാണച്ചുമതല. പുതിയ മൂന്നും നാലും പാതകളുടെ അലൈൻമെന്റ് നിശ്ചയിക്കുന്ന മുറയ്ക്കാകും വേലുക്കുട്ടി മേൽപ്പാലത്തിന്റെ നിർമ്മാണം തുടങ്ങുക.