peruvanam
പെരുവനം കുട്ടൻ മാരാർ


നാട്ടിക അസംബ്ലി മണ്ഡലത്തിന്റെ പ്രധാന കേന്ദ്രമാണ് തൃപ്രയാർ. ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് വികസനങ്ങളിൽ ഏറെയും നടക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ദേശീയ ശ്രദ്ധ തന്നെ തൃപ്രയാർ നേടിയിരുന്നു. അന്ന് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയപ്പോൾ നൽകിയ മാസ്റ്റർ പ്ലാൻ യാഥാർത്ഥ്യമാക്കാൻ സാധിക്കുമോയെന്നതാണ് സുരേഷ് ഗോപി എം.പിയിലൂടെ ജനങ്ങൾ ഉറ്റുനോക്കുന്നത്.

ടൂറിസം വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി കൂടിയായതോടെ ഏറെ പ്രതീക്ഷയാണ് പുലർത്തുന്നത്. തൃപ്രയാറിനെ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തുക വഴി കോടികളുടെ വികസനം വരുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം തീരദേശ മേഖലയിലെ പ്രശ്‌നങ്ങളും ദേശീയപാത 566 സമയബന്ധിതമായി പൂർത്തിയാക്കലും എം.പിയുടെ മുന്നിലുള്ള പ്രധാന വിഷയങ്ങളാണ്. കോൾ മേഖലയുമായി ബന്ധപ്പെട്ട കർഷകരുടെ പ്രശ്‌നങ്ങളും മുഖ്യമാണ്.

പെരുവനത്ത് സമഗ്ര വികസനം വേണം. പെരുവനം ക്ഷേത്രത്തിന് സമീപം ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന കുളം നവീകരിക്കണം. മുൻ എം.പിയായിരുന്ന സി.എൻ. ജയദേവൻ കുളം നവീകരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടും നടന്നില്ല. പെരുവനത്ത് മുൻപ് പ്രവർത്തിച്ചിരുന്ന ഖാദി നൂൽ നൂൽപ്പ് കേന്ദ്രത്തിന്റെ സ്ഥലവും പ്രവർത്തനരഹിതമാണ്. പെരുവനം അനുഷ്ഠാന കലാകേന്ദ്രവും കൊട്ടാര സമുച്ചയവും കാടുകയറി നശിക്കുന്നു. പെരുവനം ആറാട്ടുപുഴ പൂരത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തണം.
- പെരുവനം കുട്ടൻ മാരാർ


തൃപ്രയാർ ക്ഷേത്രനഗരിയെ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം രാജ്യത്തിന്റെ നാനാദിക്കുകളിൽ നിന്നുള്ള ഭക്തർ ഇവിടേക്ക് എത്തുന്നുണ്ട്. ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഏർപ്പെടുത്താനും പ്രദേശത്തിന്റെ വികസനത്തിനും വലിയ പദ്ധതി ആവശ്യമാണ്.

- പി.ജി. നായർ, ചെയർമാൻ, തൃപ്രയാർ ശ്രീരാമ ചന്ദ്ര സേവാ ചാരിറ്റബിൾ ട്രസ്റ്റ്


ഗാന്ധിജി സന്ദർശിച്ച ചേർപ്പ് മഹാത്മ മൈതാനത്തിന്റെ വികസന നവീകരണം അനിവാര്യമാണ്. മാറിവരുന്ന ജനപ്രതിനിധികൾ മൈതാനത്തിന്റെ വികസനങ്ങൾ വാക്കുകളിലും കടലാസുകളിലും ഒതുക്കുകയാണ് പതിവ്.
- കെ.എൽ. ആന്റണി, പൊതു പ്രവർത്തകൻ.

ചേർപ്പ് മാർക്കറ്റിന് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് വികസന മുൻഗണന ഏർപ്പെടുത്തണം. വ്യാപാര മേഖലയിൽ അനധികൃത കച്ചവടം നടത്തരുതെന്ന നിയമം കൊണ്ടുവരണം.

- കെ.കെ. ഭാഗ്യനാഥൻ, ചേർപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്