road-idiyal
പുളിക്കകടവ്- മാമ്പ്ര പി.ഡബ്ല്യ. ഡി റോഡിൽ അടിവശം ഇടിഞ്ഞ ഭാഗത്ത് ബാരൽ സ്ഥാപിച്ച് ചുവന്ന റിബൺ വലിച്ചു കെട്ടിയ നിലയിൽ.

അന്നമനട : പുളിക്കകടവ്- മാമ്പ്ര പി.ഡബ്ല്യു.ഡി റോഡിന്റെ ഒരു വശത്തെ അടിഭാഗം ഇടിഞ്ഞുപോകുന്നത് ആശങ്കയുണർത്തുന്നു. 2018-19 ലെ പ്രളയത്തോടെയാണ് ജനജീവിതത്തിന് ഭീഷണിയുയർത്തി റോഡിന്റെ മത്തതെറ്റയിൽ ഭാഗത്ത് തെക്കുവശത്തെ അടിഭാഗം ഇടിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്. പ്രളയത്തിനിടെ ഏകദേശം 30 മീറ്റർ നീളത്തിലാണ് അടിഭാഗം ഇടിഞ്ഞുപോയത്. റോഡിന്റെ ഇരുവശവും നെൽപ്പാടമാണ്. അവിടുത്തെ കളിമണ്ണ് ഓട് കമ്പനികളിലേക്കായി എടുത്ത് അഗാധ ഗർത്തമായി കിടക്കുകയാണ്. ഇവിടെയുള്ള മണ്ണ് ശക്തമായ മഴയിൽ അലിഞ്ഞുപോകുന്നതും ഉറപ്പില്ലാത്തതുമാണ്. ഓരോ മഴക്കാലം കഴിയുമ്പോഴും റോഡിന്റെ അടിവശത്തെ മണ്ണ് ഒലിച്ചുപോയി വങ്കായി മാറിക്കൊണ്ടിരിക്കയാണ്.
ചാലക്കുടി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണിത്. അന്നമനടയിൽ നിന്നും മാമ്പ്ര പൊങ്ങം വഴി ദേശീയപാതയിലേക്കും എറണാകുളത്തേക്കും കയറാനുള്ള എളുപ്പവഴി കൂടിയാണിത്. മാള ഭാഗത്തുനിന്ന് അപ്പോളോ ആശുപത്രിയിലേക്ക് നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും ഇതുവഴിയാണ്.
അപകട സൂചന നൽകാനായി ഇപ്പോൾ രണ്ട് ബാരൽ സ്ഥാപിച്ച് ചുവന്ന റിബൺ വലിച്ചു കെട്ടിയിട്ടുണ്ട്. എന്നാൽ ഇത് പര്യാപ്തമല്ല. ഒരു വശത്തേക്ക് വാഹനം ചെരിഞ്ഞാൽ കൂറ്റൻ ഗർത്തത്തിലേക്ക് മറിയാനും വൻദുരന്തമുണ്ടാകാനും സാദ്ധ്യതയേറെയാണ്. അരിക് ഭിത്തികളോ മറ്റ് സംരക്ഷണ ഭിത്തികളോ സ്ഥാപിച്ച് റോഡിന്റെ അപകടാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.


സംരക്ഷണ ഭിത്തികളില്ല
ഇരുവശവും താഴ്ചയുള്ള ഭാഗങ്ങളിലെ റോഡുകളിൽ സ്ഥാപിക്കാറുള്ള അരിക് ഭിത്തികളോ മറ്റ് രീതിയിലുള്ള സംരക്ഷണ ഭിത്തികളോ ഇവിടില്ല. അതുകൊണ്ടുതന്നെ വഴി പരിചിതമല്ലാത്ത ഡ്രൈവർമാർ വാഹനം ഓടിക്കുമ്പോൾ അപകട സാദ്ധ്യതയും ഏറെയാണ്. പൊന്തക്കാടുകളും പുൽപടർപ്പുകളും കാരണം ഡ്രൈവർമാരുടെയോ കാൽനടയാത്രക്കാരുടെയോ ശ്രദ്ധയിൽ റോഡിന്റെ അപകടാവസ്ഥപെടില്ല.

റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ ഈ വർഷത്തെ പ്രൊപ്പോസൽ ലിസ്റ്റിൽ ആദ്യത്തെ ഇനമായി ചേർത്ത് സർക്കാർ അനുമതിക്കായി അയച്ചിട്ടുണ്ട്. റോഡിന് വീതി കുറവായതിനാൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ അതിന് ഭരണ നിർവഹണ അനുമതി ആയിട്ടില്ല.
- പി.ഡബ്യു.ഡി

റോഡിന്റെ അപകടസ്ഥിതി മനസ്സിലാക്കി എത്രയും വേഗം ഇവിടെ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ പി.ഡബ്ല്യു.ഡി നടപടി സ്വീകരിക്കണം.
- പി.വി. വിനോദ്
(അന്നമനട പഞ്ചായത്ത് പ്രസിഡന്റ്)