കൊടുങ്ങല്ലൂർ : പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനിൽ നിർമ്മിച്ച ശൗചാലായങ്ങൾ താഴിട്ട് പൂട്ടിയ നിലയിൽ. സിവിൽ സ്റ്റേഷനിൽ രണ്ട് വഴിയിടങ്ങളാണുള്ളത്. ഒന്നും പൊതുജനങ്ങൾക്കും മറ്റൊന്ന് ഭിന്നശേഷിക്കാർക്കും ഉപയോഗിക്കാനുള്ളതാണ്. എന്നാൽ ഇവ രണ്ടും എപ്പോഴും താഴിട്ട് പൂട്ടിയ നിലയിലാണ് കാണപ്പെടുന്നത്. കൊടുങ്ങല്ലൂർ അസിസ്റ്റന്റ് പബ്ലിക്ക് പ്രൊസിക്ക്യൂട്ടർ ഗ്രേഡ് ഒന്ന് ഓഫീസിനരികിൽ ശൗചാലയം എന്ന് എഴുതിവച്ചത് കണ്ടാണ് ആളുകൾ അവിടേക്ക് ചെല്ലുന്നത്. എന്നാൽ ഇവ രണ്ടും മറ്റാർക്കും തുറക്കാൻ പറ്റാത്തവിധം താഴിട്ട് പൂട്ടിയിരിക്കുകയാണ്. നൂറുകണക്കിനാളുകൾ നിത്യവും വിവിധ ആവശ്യങ്ങൾക്കായി കയറിയിറങ്ങുന്ന സിവിൽ സ്റ്റേഷനിൽ ശൗചാലയത്തിൽ പോകണം എന്നു തോന്നിയാൽപെട്ടതു തന്നെ. സിവിൽ സ്റ്റേഷന് പുറത്തുള്ള ഏതെങ്കിലും ഹോട്ടലിലേക്ക് ഓടിക്കയറണമെന്ന സ്ഥിതിയാണ്. സിവിൽ സ്റ്റേഷനിൽ 28 ഓളം സർക്കാർ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ വിവിധ ആവശ്യങ്ങളുമായി ദിവസവും സ്ത്രീകൾ ഉൾപ്പെടെ ആയിരത്തിലധികം ആളുകൾ എത്തുന്നു. എന്നാൽ ഇത്രയും ആളുകൾ സിവിൽ സ്റ്റേഷനിൽ എത്തുമ്പോഴും പൊതുജനങ്ങൾക്കായുള്ള കംഫർട്ട് സ്റ്റേഷൻ പ്രവർത്തിപ്പിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്നവരിൽ പ്രായമായവരോ ഭിന്നശേഷിക്കാരോ ഉണ്ടെങ്കിൽ അവരും വലഞ്ഞതു തന്നെ.
വിവരം ശ്രദ്ധയിൽപ്പെട്ടത് ഇപ്പോഴാണ്. തഹസിൽദാരുമായി സംസാരിച്ച് ശൗചാലയം തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കും.
- ടി.കെ. ഗീത
(നഗരസഭ ചെയർപേഴ്‌സൺ)