manalthitta

കടലാക്രമണത്തെ പ്രതിരോധിക്കാൻ കാര കടപ്പുറത്ത് നിർമ്മിച്ച മണൽത്തിട്ട.

കൊടുങ്ങല്ലൂർ: കടൽ ക്ഷോഭത്തിന്റെ തീവ്രത കുറയ്ക്കാൻ മണൽത്തിട്ട നിർമ്മിച്ച് എടവിലങ്ങ് പഞ്ചായത്ത്. പതിനാലാം വാർഡിൽ കാര കടപ്പുറത്താണ് പഞ്ചായത്ത് അധികൃതർ നൂറു മീറ്ററോളം നീളത്തിൽ ജെ.സി.ബി ഉപയോഗിച്ച് മണൽത്തിട്ട നിർമ്മിച്ചത്. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് പഞ്ചായത്ത് അധികൃതർ തത്കാലികമായി മണൽത്തിട്ട നിർമ്മിച്ചത്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ശക്തമായ വേലിയേറ്റത്തിൽ ജനവാസ പ്രദേശത്തേക്ക് കടൽ ഇടിച്ചു കയറിയിരുന്നു. ഇതേത്തുടർന്ന് പ്രദേശം വെള്ളത്തിലായി. ഈ ഭാഗത്തുണ്ടായിരുന്ന രണ്ട് വീടുകൾക്ക് കേട് വരികയും അവരെ മാറ്റി താമസിപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശത്തുള്ള ഇരുപതോളം വീടുകളിലേക്ക് കടൽ വെള്ളം കയറുകയും ചെയ്തിരുന്നു.
കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ ജിയോ ബാഗ്, തടയണ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കാൻ ഇനിയും കാലതാമസം ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് നിലവിലുണ്ടായിരുന്ന കടൽഭിത്തിയിൽ തന്നെ താത്കാലിക പരിഹാരമായി പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് മണൽത്തിട്ട നിർമ്മിച്ചത്.

രൂക്ഷമായ കടലാക്രമണം ഉണ്ടായാൽ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
- നിഷ അജിതൻ
(പഞ്ചായത്ത് പ്രസിഡന്റ്)