mobile-unit
മൊബൈൽ യൂണിറ്റ്

കൊടുങ്ങല്ലൂർ: കക്കൂസ് മാലിന്യ സംസ്‌കരണത്തിന് മൊബൈൽ യൂണിറ്റ് സംവിധാനമൊരുക്കി നഗരസഭ. ഒരു ചെറിയ ട്രക്കിന്റെ പ്ലാറ്റ്‌ഫോമിൽ സ്ഥാപിച്ചിരിക്കുന്ന സെപ്ടിക് ടാങ്കുകളിലെ മലിനജലം ശുദ്ധീകരിച്ച് സുരക്ഷിതമായി പുറന്തള്ളാൻ കഴിയുന്ന ഒരു ട്രീറ്റ്‌മെന്റ് സംവിധാനമാണിത്. ശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള സെപ്ടിക് (കോൺക്രീറ്റ്, പ്ലാസ്റ്റിക്) ടാങ്കിലെ മാലിന്യം മാത്രമാണ് സംസ്‌കരിക്കുക. ടാങ്കിന്റെ അടിഭാഗം സീൽ ചെയ്തതാവണം. അടുക്കള മലിനജലം, വ്യാവസായിക മലിനജലം, ഖരമാലിന്യങ്ങൾ എന്നിവ ഈ മെഷീനിലൂടെ കൈകാര്യം ചെയ്യാനാകില്ല. വീടുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിങ്ങനെ 100 മീറ്റർ വരെ വാഹനം എത്തുമെങ്കിൽ സെപ്ടിക് ടാങ്ക് ശാസ്ത്രീയമായി ക്ലീൻ ചെയ്യുന്നതിന് സാധിക്കും. അടുത്തയാഴ്ച മുതൽ യൂണിറ്റ് പ്രവർത്തനം ആരംഭിക്കും. കൊടുങ്ങല്ലൂർ നഗരസഭ 45 ലക്ഷം രൂപ മുതൽമുടക്കിൽ വാങ്ങിയ ഈ യന്ത്രം മൂൻകൂർ ബുക്കിംഗ് അനുസരിച്ച് നഗരസഭയുടെ വിവിധ വാർഡുകളിൽ പ്രവർത്തിക്കും. ഇതിന്റെ സർവീസ് ചാർജും പ്രവർത്തന മാനദണ്ഡങ്ങളും നഗരസഭാ കൗൺസിൽ ഉടൻ തീരുമാനിക്കും.
ആദ്യമായി ഈ മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് ചാലക്കുടി നഗരസഭയിലാണ്. സർക്കാരിന്റെ അംഗീകാരവും അംഗീകൃത ഏജൻസികളുടെ സർട്ടിഫിക്കേഷനുമുള്ള യൂണിറ്റാണ് എം.ടി.യു. ദേശീയതലത്തിൽ ശ്രദ്ധേയമായ ഗവേഷണസ്ഥാപനം വാഷ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുള്ളത്.

എം.ടി.യു ശേഷി മണിക്കൂറിൽ 6000 ലിറ്റർ
മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ ശേഷി മണിക്കൂറിൽ 6000 ലിറ്ററാണ്. ഖരദ്രാവക വേർതിരിവ്, ഖരമാലിന്യം കട്ടിയാക്കൽ, മലിനജല സംസ്‌കരണ പ്രക്രിയകൾ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ഓൺസൈറ്റ് മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ദ്രാവകം ഖരാവസ്ഥയിൽ നിന്ന് വേർതിരിക്കുമ്പോൾ, മലിനജലം സംസ്‌കരണ പ്രക്രിയയിലൂടെ കടന്നുപോകുകയും ഖരമാലിന്യം നീക്കം ചെയ്യുകയും ചെയ്യുന്നു. ഖരമാലിന്യം കട്ടിയാക്കൽ പ്രക്രിയ അതിലെ ഈർപ്പം കുറയ്ക്കുന്നതിന് കൂടുതൽ സഹായിക്കുന്നു. സെന്റർഫ്യജ്, ബയോ മെമംബ്രൈൻ ഫിൽട്രേഷൻ പ്രക്രിയ വഴിയാണ് സംവിധാനം പ്രവർത്തിക്കുന്നത്. സംസ്‌കരിച്ച മലിനജലം സുരക്ഷിതമായി ഒഴുക്കിക്കളയുന്നതിനോ കൃഷി ആവശ്യത്തിന് ഉപയോഗിക്കാനോ കഴിയും.