nadeel
മേടംകുളങ്ങര പാടശേഖരത്തില്‍ വിദ്യാര്‍ത്ഥികളുടെ ഞാറ് നടീല്‍

ആമ്പല്ലൂർ: മണ്ണംപ്പേട്ട മേടംകുളങ്ങര പാടശേഖരത്തിലെ ചേറിൽ ഇറങ്ങി ഞാറ് നട്ട് വിദ്യാർത്ഥികൾ. പാരിജാതം ഹരിതസേനയുടെയും പാടശേഖര സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഞാറ്റുൽത്സവത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികളുടെ ഞാറുനടീൽ നടന്നത്. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും പാടത്തേക്കിറങ്ങി ആവേശത്തോടെ ഞാറുനട്ടു. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളായ നില മൊരുക്കൽ, ഞാറ്റടി തയ്യാറാക്കൽ, ഞാറു വലിക്കൽ, നടീൽ എന്നിവയുടെ പാഠങ്ങൾ കർഷകരിൽ നിന്നും കർഷക തൊഴിലാളികളിൽ നിന്നും വിദ്യാർത്ഥികൾ മനസിലാക്കി. അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ കാർഷിക ക്ലബ്ബിലെ അംഗങ്ങളാണ് നെൽകൃഷി പഠിക്കാൻ പാടത്തേക്കിറങ്ങിയത്. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ ഞാറ്റുത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ഭാഗ്യവതി ചന്ദ്രൻ, പി.കെ.ശേഖരൻ, സിനി എം.കുര്യാക്കോസ്, എം.ബി.സജീഷ്, ടി.അജിത, പി.ബി. ബിനി എന്നിവരും വിദ്യാർത്ഥികൾക്കൊപ്പം പാടത്തിറങ്ങി.