photo
news

വടക്കാഞ്ചേരി: കടുത്ത വേനലിന് ശേഷം ശക്തമായ മഴ ലഭിച്ചിട്ടും ജില്ലയിലെ പ്രധാന ജലസ്രോതസുകളിലൊന്നായ വാഴാനി ഡാം ജലാശയത്തിൽ ജലത്തിന്റെ അളവിൽ ഗണ്യമായ കുറവ്. 62.48 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ ഇപ്പോഴത്തെ ജലനിരപ്പ് 51.02 മീറ്റർ മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 58.79 മീറ്ററായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചിട്ടും ഡാമിൽ ജലം കുറവാണ്. എന്തു കൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നൽകാനാകാതെ അധികൃതരും കുഴയുകയാണ്. വനത്തിൽ നിന്ന് ഒലിച്ചിറങ്ങിയെത്തുന്ന വെള്ളത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ട്. നിരവധി വൈതരണികളെ അതിജീവിച്ച് മുൻകാലങ്ങളിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ കാടുകയറി വെള്ളം ഡാമിലേക്ക് തിരിച്ച് വിടാറുണ്ട്. എന്നാൽ ഇത്തവണ നീരൊഴുക്ക് അതീവ ദുർബലമാണ്. എങ്കിലും വെള്ളം ജലാശയത്തിലെത്തിക്കാൻ വനത്തിൽ പ്രവേശിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് വനം വകുപ്പിന് കത്തെഴുതി കാത്തിരിക്കുകയാണ്. കാലവർഷം ചതിച്ചാൽ അത് കൃഷിയേയും കുടിവെള്ളവിതരണത്തേയും ബാധിക്കും. ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം തെക്കുംകര പഞ്ചായത്തിന്റെ മുഴുവൻവാർഡുകളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ജലസ്രോതസ് വാഴാനി ഡാമാണ്. പ്രളയഭീതി ഭയന്ന് നിരവധി തവണ കനാലിലൂടേയും പുഴയിലൂടേയുംവെള്ളം തുറന്ന് വിട്ടിരുന്നു. എന്നാൽ ഇത്തവണ ജലസമൃദ്ധമാകാതെ കിടക്കുകയാണ് വാഴാനി ഡാം.

മച്ചാട് വനത്തിൽ നിന്ന് ജലം വാഴാനി ഡാമിലേക്ക് എത്തിക്കണമെങ്കിൽ വനത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണം. ഉൾവനത്തിൽ 9 കിലോമീറ്റർ അകലെയാണ് വാഴാനി ഡാമിലേക്ക് ജലമൊഴുക്ക് ആരംഭിക്കുന്ന കക്കും ചോല. ഇവിടെക്കെത്താൻ വഴി പോലുമില്ല. വഴിവെട്ടിയും കാട്ടുപൊന്തകൾ വെട്ടിനീക്കിയുമാണ് യാത്ര. കഴിഞ്ഞ തവണ ആനഭീതിയെ തുടർന്ന് മണ്ണുത്തി- വാണിയംപാറ വഴിയാണ് വനത്തിൽ പ്രവേശിച്ചത്. ഇത്തവണയും ആന ഭീതി നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വനം വകുപ്പാണ് അന്തിമ തീരുമാനം കൈ കൊള്ളുക.

ശക്തമായ മഴയിൽ പൂമല ഡാമിലെ ജലനിരപ്പ് 28 അടിയായി ഉയർന്നു. ഡാമിന്റെ രണ്ടു സ്പിൽവേ ഷട്ടറുകൾ 2.5 സെന്റീമീറ്റർ വീതം തുറന്നു.29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്.