പാഞ്ഞാൾ: പഞ്ചായത്ത് അറിയാതെ പഞ്ചായത്തിന്റെ മിനി എം.സി.എഫ് യൂണിറ്റ് പൊളിച്ച് നീക്കി. പാഞ്ഞാൾ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്തിരുന്ന മിനി എം.സി.എഫ് കഴിഞ്ഞ ദിവസമാണ് പൊളിച്ചു മാറ്റിയത്. ഒരു ലക്ഷം രൂപ ചിലവഴിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച യൂണിറ്റ് കരാറുകാരൻ പൊളിച്ചു നീക്കുകയായിരുന്നു. എം.സി.എഫ് പൊളിച്ച് നീക്കിയതിനെതിരെ ചൊവ്വാഴ്ച പ്രതിപക്ഷം പഞ്ചായത്തിലെത്തി സെക്രട്ടറിയെയും പഞ്ചായത്ത് പ്രസിഡന്റിനെയും നേരിൽ കണ്ട് പരാതി നൽകുകയും തുടർന്ന് വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തുടർന്ന് ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഓഫീസിന്് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ താത്പര്യ പ്രകാരമാണ് പൊളിച്ചു നീക്കിയതെന്ന് കരാറുകാരൻ പറഞ്ഞതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാക്കളായ രാജൻ വെട്ടത്ത്, അനൂപ് പുന്നപ്പുഴ, കെ.കെ. ഫസലൂ,ഇ.പി.അഭിലാഷ്, ടി.പി. മോഹനൻ, പി.ആർ. രാജൻ, ഗോപാലൻ എന്നിവർ ആവശ്യപ്പെട്ടു.
മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി
പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, കുപ്പികൾ, കുപ്പിച്ചില്ലുകൾ, ഇ-മാലിന്യം എന്നിങ്ങനെ മണ്ണിൽ അലിഞ്ഞുചേരാത്ത മാലിന്യങ്ങൾ സമ്പൂർണമായും നിർമാർജനം ചെയ്യാനും പുനഃചംക്രമണത്തിലൂടെ പ്രയോജനകരമായ മറ്റ് ഉത്പന്നങ്ങളാക്കിമാറ്റാനും വേണ്ടി ശേഖരിക്കുന്ന സംവിധാനമാണ് എം.സി.എഫ്. (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) കേന്ദ്രങ്ങൾ.