തൃപ്രയാർ: 'ചോറിലും കറിയിലും ചിതൽ വീണു, ഇന്നലെ ഭക്ഷണം കഴിക്കാൻ പറ്റിയില്ല ടീച്ചറെ... ദമയന്തി ചേച്ചി വിതുമ്പി. ആ വാക്കുകൾ കേട്ടതോടെ സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റും അദ്ധ്യാപകരും ദമയന്തി ചേച്ചിയെ സഹായിക്കാമെന്നേറ്റു. 16 വർഷമായി നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂളിൽ കുട്ടികൾക്ക് ഭക്ഷണം വച്ചു നൽകുന്ന ജീവനക്കാരിയാണ് ദമയന്തിച്ചേച്ചി. പ്രിൻസിപ്പൽ ജയാ ബിനി ജി.എസ്.ബി, ഹെഡ്മിസ്ട്രസ് മിനിജ, പി.ടി.എ പ്രസിഡന്റ് പി.എസ്.പി നസീർ, അദ്ധ്യാപകരായ ഇ.ബി. ഷൈജ, രഘുരാമൻ, എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ശലഭ എന്നിവർ ദമയന്തി ചേച്ചിയുടെ വീട്ടിലെത്തി. കാലപ്പഴക്കമുള്ള ഇടിഞ്ഞുവീഴാറായ ആ വീട്ടിലെ അവസ്ഥ നേരിട്ട് മനസിലാക്കി ഒരു വർഷത്തിനുള്ളിൽ വീട് വച്ച് നൽകുമെന്ന് ഉറപ്പു നൽകി. നിർമ്മാണത്തിനായുള്ള തുക സ്‌കൂൾ പി.ടി.എ വഴി കണ്ടെത്തും. കൂടാതെ ജില്ലാ എൻ.എസ്.എസ് യൂണിറ്റ് മൂന്ന് ലക്ഷം രൂപ നൽകും.
നാട്ടിക പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ദമയന്തി ചേച്ചിയുടെ താമസം. ഭർത്താവ് വേലായുധൻ വർഷങ്ങൾക്കു മുമ്പേ മരിച്ചു. രണ്ട് പെൺമക്കളുടെ വിവാഹശേഷം ഏക പ്രതീക്ഷയായ മകൻ ഒരു വർഷം മുമ്പ് അപ്രതീക്ഷിതമായി മരിച്ചു. മുമ്പും ജീവകാരുണ്യപ്രവർത്തനങ്ങളിൽ നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് മുൻകൈ എടുത്തിട്ടുണ്ട്. സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികളുടെ വീടിന്റെ ജപ്തിയും ഒഴിവാക്കിയത് എൻ.എസ്.എസ് യൂണിറ്റാണ്. അന്ന് സുരേഷ്‌ഗോപി ആയിരുന്നു ജപ്തി നേരിട്ട ഒരു കുടുബത്തിന്റെ പ്രമാണം തിരിച്ചെടുത്തു നൽകുന്ന സ്‌കൂളിന്റെ ചടങ്ങിൽ പങ്കെടുത്തത്. ആ കുടുംബത്തിന് വീട് പണിയാൻ നാല് ലക്ഷം രൂപ സുരേഷ്‌ഗോപി നൽകിയിരുന്നു.