elephant-vazhani-

വടക്കഞ്ചേരി: തെക്കുംകര പഞ്ചായത്തിനേയും വാഴാനി മേഖലയെയും വിറപ്പിക്കുന്നത് നാല് കാട്ടാനകളെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. കുതിരാൻ തുരങ്കം തുറന്നപ്പോൾ ഈ മേഖലയിൽ നിന്ന് വാഴാനി കാട്ടിലെത്തിയ ആന കൂട്ടമാണ് വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമുള്ള വനത്തിൽ വിഹരിക്കുന്നത്. പകൽ സമയം മുഴുവൻ വനമേഖലയിൽ കഴിയുന്ന കാട്ടാനകൾ രാത്രിയിൽ വേറിട്ട ഭക്ഷണം തേടി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതാണ് അധികൃതർക്ക് തല വേദനയാകുന്നത്. കാടിനോട് തൊട്ടുള്ള വാഴാനി ഡാം ജലാശയത്തിൽ ധാരാളം വെള്ളവും വനത്തിൽ സുഭിക്ഷമായ ഭക്ഷണവുമുള്ളപ്പോൾ ആനകൂട്ടം വാഴാനി വിടാനുള്ള സാധ്യതയില്ല. പൊതുവെ കാർഷിക മേഖലയാണ് വാഴാനി. വാഴ, തെങ്ങ്,പ്ലാവ്,മാവ്,പനകൾ തുടങ്ങി ആനകൾ ഇഷ്ടപ്പെടുന്ന എല്ലാ ഭക്ഷണവും സുലഭമാണ്. 16 ആനകൾ കുതിരാൻ വനമേഖലയിൽ നിന്ന് വാഴാനി മേഖലയിലേക്ക് കടന്നുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇതിനകം ആറ് ആനകളെ വാഴാനി വനമേഖലയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. നാലെണ്ണത്തിനെ സ്ഥിരമായി വാഴാനി വനത്തിൽ കണ്ടുവരുന്നുണ്ട്. ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പ്രഖ്യാപിക്കുമ്പോഴും ഒന്നും നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. തെക്കുംകര പഞ്ചായത്തിലെ മേലിലം,പഴയന്നൂപ്പാടം, കുറ്റിക്കാട്, മുള, കാക്കിനിക്കാട് മേഖലകളേയും വിറപ്പിക്കുകയാണ് കാട്ടാനകൂട്ടം.

വടക്കഞ്ചേരി: ഭക്ഷണവിഭവങ്ങൾ തേടി വനാതിർത്തികളിൽ നിന്ന് മാറി കിലോമീറ്ററുകൾ അകലെയുള്ള ചെറുപട്ടണങ്ങളിലേക്ക് ആനകൾ ഇറങ്ങുകയാണ്. തെക്കുംകര പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മലാക്കയിൽ കഴിഞ്ഞരാത്രി ഒറ്റയാനെത്തി. അടുത്തൊന്നും വനമേഖലയില്ലെന്നത് വലിയ ആശങ്കയായി മാറുകയാണ്. കദളിക്കാട്ടിൽ പ്രകാശന്റെ വീട്ടുമുറ്റത്തെത്തിയ കൊമ്പൻ, അച്ചിങ്ങര കാർത്യായനി , തിരുത്തിന്മേൽ രാമകൃഷ്ണൻ, എന്നിവരുടെ വീട്ടുപറമ്പിലും വിഹരിച്ചു. പ്ലാവുകളിൽ നിന്ന് ചക്ക പറിച്ച് ഭക്ഷണമാക്കി. പനകൾ കുത്തി മറിച്ചിട്ടു. ജനങ്ങൾ പടക്കം പൊട്ടിച്ചും ഉഗ്രശബ്ദമുണ്ടാക്കിയുമാണ് ആനയെ തുരത്തിയത്. കൊമ്പന്റെ ദൃശ്യങ്ങൾ സി.സി.ടി. വി യിൽ പതിഞ്ഞിരുന്നു.