
തൃശൂർ: ഇരട്ട രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന മേയർ എം.കെ.വർഗീസിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ കോൺഗ്രസ് തയ്യാറാണെന്ന് കെ.പി.സി.സി സെക്രട്ടറിയും കൗൺസിലറുമായ ജോൺ ഡാനിയൽ പറഞ്ഞു. എന്നാൽ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ സി.പി.ഐ കൗൺസിലർമാർ തയ്യാറാകണം. അവർ മേയർക്കെതിരെ പരസ്യമായി രംഗത്തുവന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ നിലപാട്. രാഷ്ട്രീയ വഞ്ചനയുടെ മുഖമായി മേയർ മാറിയിരിക്കുകയാണ്. ഇടതുപക്ഷ പിന്തുണയോടെ മേയറായി ഇരിക്കുമ്പോഴും വർഗീയ നിലപാടുള്ളവരുമായി സല്ലപിക്കാൻ മേയർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഭരണം നിലനിറുത്താൻ സി.പി.എം നിലപാടിൽ വെള്ളം ചേർത്തിരിക്കുകയാണ്. ഇതുകൊണ്ടാണ് മേയർ സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്ന വിഷയത്തിൽ സി.പി.എം സി.പി.ഐയുടെ പരാതിയെ തള്ളുന്നത്.