തൃശൂർ: മെഡിക്കൽ കോളേജിലെ ഏക വാതരോഗ വിദഗ്ധനെ സ്ഥലം മാറ്റി അധികൃതരുടെ തലതിരിഞ്ഞ നടപടി. ഏക വാതരോഗ വിദഗ്ധനെ സ്ഥലം മാറ്റിയതോടെയാണ് നൂറുക്കണക്ക് രോഗികൾക്ക് ആശ്രയമായ വാതരോഗ ക്ലീനിക്ക് അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നത്. പകരം ആളെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. എല്ലാ ചൊവ്വാഴ്ച്ചയുമാണ് ക്ലീനിക്ക് പ്രവർത്തിക്കുന്നത്. ഈ ദിവസങ്ങളിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 350 ഓളം പേർ ഒ.പിയിൽ എത്താറുണ്ട്. 2007 ൽ പ്രവർത്തനം തുടങ്ങിയ തൃശൂർ മെഡിക്കൽ കോളേജിലെ റൂമറ്റോളജി ക്ലിനിക്ക് ഏതാണ്ട് 250 മുതൽ 350 വരെ രോഗികൾക്ക് ആഴ്ചയിലൊരിക്കൽ ചികിത്സ നൽകുന്നുണ്ട്. ഇതുകൂടാതെ പ്രത്യേക ശ്രദ്ധ ലഭിക്കേണ്ട രോഗങ്ങളായ ലൂപ്പ്‌സ്, സ്‌ക്ലിറോഡർമ്മ , വാസ്‌കുലൈറ്റിസ് ,ആൻകൈ കലോസിംഗ്‌സ്‌പോണ്ടിലോസിസ് എന്നീ രോഗങ്ങൾക്കും ചികിത്സ നൽകി വരുന്നുണ്ട്.
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ പദ്ധതി വഴി 35 ഓളം ചെറുപ്പക്കാർക്ക് വിലകൂടിയ ബയോളജിക്കൽ ചികിത്സ സൗജന്യമായി നൽകുന്നുണ്ട്. പ്രത്യേകം ഒരു ക്ലിനിക്കിനായി ഡോക്ടർമാരെ നിയമിച്ചിട്ടില്ലാത്തതിനാൽ മെഡിസിൻ വിഭാഗത്തിലെ പ്രത്യേക ട്രെയിനിങ് കിട്ടിയ ഡോക്ടർമാരും ഫിസിക്കൽ മെഡിസിൻ ഡോക്ടർമാരുമാണ് സേവനം നൽകി വരുന്നത്. ഒട്ടനേകം പ്രബന്ധങ്ങൾ, പി.എച്ച്.ഡി തീസിസ്, ജൂനിയർ ഡോക്ടർമാരുടെ പരിശീലനവും നടക്കുന്നുണ്ട്. റുമറ്റോളജി വിഭാഗത്തിന്റെ അടിത്തറ ഇളക്കുന്ന നടപടിയിൽ നിന്ന് അധികൃതർ പിൻമാറമെന്നാണ് ചികിത്സ തേടിയെത്തുന്നവരുടെ ആവശ്യം.