പാവാട്ടി: ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയി, നാല് വർഷം മുൻപ് എളവള്ളിയിലെ കണിയാംതുരുത്തിൽ നട്ട കുളവെട്ടികൾ വളർന്ന് ഇപ്പോൾ പച്ചതുരുത്തായി. ആരെയും ആകർഷിക്കുന്നതാണ് കണിയാം തുരുത്തിലെ 40 സെന്റ് സ്ഥലത്തെ ഗ്യാസ് ക്രിമറ്റോറിയത്തിൽ ഹരിതാഭമായ പച്ചതുരുത്ത്. അതിതീവ്ര വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങളുടെ ഈ പച്ചതുരുത്ത് അപൂ‌ർവത കൂടിയാണ്. കുളവെട്ടി മരങ്ങളുടെ ഏറ്റവും വലിയ സമ്പത്ത് കലശമലയിലാണുള്ളത്. വരും തലമുറയ്ക്ക് കുളവെട്ടി മരങ്ങൾ കാണാനും പഠിക്കാനും കണിയാംതുരുത്തിലും ഇനി അവസരമൊരുങ്ങും.

നാല് വർഷങ്ങൾക്ക് മുൻപ് കിലയിൽ നടന്ന ഹൊറിസോണ്ടൽ ലേണിംഗ് പ്രോഗ്രാമിൽ എളവള്ളി പഞ്ചായത്ത് അവതരിപ്പിച്ച കുളവെട്ടി മരങ്ങളുടെ പ്രൊജക്ട് ശ്രദ്ധ നേടിയിരുന്നു. സിദ്ധാന്തമല്ല, പ്രവൃത്തിയാണ് വേണ്ടതെന്ന് അന്ന് പലരും പറഞ്ഞു. അതിൽ നിന്നാണ് എളവള്ളി പഞ്ചായത്ത് ഉദ്യമം ഏറ്റെടുത്തത്. പഞ്ചായത്ത് ഭരണസമിതിയുടെയും പൊതുജനങ്ങളുടെയും പിന്തുണയും പദ്ധതിക്കുണ്ടായിരുന്നു. കുളവെട്ടിത്തൈകൾ സ്വന്തമായി ഉത്പാദിപ്പിക്കലായിരുന്നു നേരിട്ട വെല്ലുവിളി. അസി. സെക്രട്ടറിയായിരുന്ന എം.കെ. ആൽഫ്രെഡാണ് തൈകൾ വളർത്തിയെടുത്തത്. ലതിക ടീച്ചറുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും പദ്ധതിയെ പിന്തുണച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചായിരുന്നു പദ്ധതി. ക്രിമിറ്റോറിയം ജീവനക്കാർക്കായിരുന്നു പരിപാലനച്ചുമതല.

നാൽപതോളം തൈകൾക്ക് ഇപ്പോൾ 8 മീറ്ററോളം വളർച്ചയെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സിന്റെ നേത്വത്തിലുള്ള ഭരണസമിതി ജൈവ സംരക്ഷണ പദ്ധതികളുമായി ഒപ്പമുണ്ട്. പച്ചത്തുരുത്തിൽ കുളവെട്ടിയെക്കുറിച്ചുള്ള വിവരണ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. കുളവെട്ടികളുടെ പ്രൂണിംഗ്, സൗന്ദര്യ വത്കരണം, ഇരിപ്പിടങ്ങൾ എന്നിയും തയ്യാർ. മണിച്ചാലിലും തൈകൾ നട്ടിട്ടുണ്ട്. മരങ്ങൾ വളരുന്നതോടെ ലോക ജൈവ ഭൂപടത്തിലേക്ക് എളവള്ളിയുടെ കുളവെട്ടി പച്ചതുരുത്തും ഇടം നേടും.

മരത്തിനടിയിൽ ഒരു കുളത്തോളം വെള്ളം സംഭരിച്ച് പ്രദേശത്തെ ജലസമൃദ്ധവും ജൈവ വൈവിദ്ധ്യവുമാക്കി മാറ്റാൻ കഴിയുന്നതാണ് കുളവെട്ടി മരങ്ങൾ. വാതസംബന്ധമായ അസുഖങ്ങൾക്കുള്ള ഔഷധം കൂടിയാണിത്. ഞാവൽ വർഗത്തിൽപ്പെട്ട കുളവെട്ടിയുടെ വെളുത്ത പൂക്കൾ വിരിഞ്ഞുണ്ടാകുന്ന പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.

തദ്ദേശ സ്ഥാപനങ്ങൾക്ക് പച്ചത്തുരുത്തുകൾ എങ്ങനെ സൃഷ്ടിക്കാമെന്ന ഉത്തരമാണ് എളവള്ളിയുടെ പച്ചത്തുരുത്ത്. തരിശിട്ട പൊതു - സ്വകാര്യ ഭൂമിയുടെ സവിശേഷതകൾക്ക് ഇണങ്ങുന്ന തൈകൾ നട്ട് വളർത്തിയെടുക്കുന്ന ചെറു വൃക്ഷക്കൂട്ടങ്ങളാണ് പച്ചത്തുരുത്തുകൾ. അന്തരീക്ഷ താപനിലയെ നിയന്ത്രിച്ച് പക്ഷിമൃഗാധികൾക്ക് അനുകൂല ആവാസവ്യവസ്ഥയായി മാറാൻ പച്ചത്തുരുത്തുകൾക്ക് കഴിയും. നവകേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ ഒരുക്കിയ പച്ചതുരുത്തുകളിൽ ഏറെ ശ്രദ്ധ നേടിയിരിക്കയാണ് കണിയാംതുരുത്ത്.