
ഗുരുവായൂർ: ദേശീയ സഫായി കർമ്മചാരീസ് കമ്മിഷൻ അംഗം ഡോ.പി.പി.വാവ ഗുരുവായൂരിൽ സന്ദർശനം നടത്തി. ദേവസ്വം ശുചീകരണ വിഭാഗം ജീവനക്കാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. ശുചീകരണ വിഭാഗം ജീവനക്കാരുടെ ക്ഷേമത്തിനായുള്ള ദേശീയ കമ്മിഷനാണ് ദേശീയ സഫായി കർമ്മചാരീസ് കമ്മിഷൻ. ജീവനക്കാർക്കായുള്ള ക്ഷേമപദ്ധതികൾ, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് കമ്മിഷൻ അംഗം ഡോ.പി.പി.വാവ യോഗത്തിൽ വിശദീകരിച്ചു. രാവിലെ ഒമ്പതോടെയാണ് ദേവസ്വത്തിലെത്തിയത്. ദേവസ്വം കോൺഫറൻസ് ഹാളിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ , അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.