കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനിൽ താഴിട്ട് പൂട്ടിയിരുന്ന ശൗചാലയങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി തുറന്നു കൊടുത്തു. ഇന്നലെ രാവിലെ മുതലാണ് തുറന്നു കൊടുത്തത്. സിവിൽസ്‌റ്റേഷനിലെ ശൗചാലയങ്ങൾ താഴിട്ട് പൂട്ടിയതു മൂലം വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ദുരിതത്തിലാകുന്നത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായും ഭിന്നശേഷി വിഭാഗക്കാർക്കുമായുള്ള രണ്ട് ശൗചാലയങ്ങളാണ് താഴിട്ട് പൂട്ടിയിരുന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വിഷയത്തിൽ അടിയന്തര നടപടി ഉണ്ടായത്. നഗരസഭ ചെയർപേഴ്‌സൺ ടി.കെ. ഗീത കൊടുങ്ങല്ലൂർ തഹസിൽദാർ ഇൻചാർജ് സുമ ഡി. നായരുമായി സംസാരിച്ചാണ് വിഷയത്തിൽ തീരുമാനം ഉണ്ടാക്കിയത്. വടക്കെ നടയിൽ കുറച്ചു നാളുകളായി തമ്പടിച്ചിട്ടുള്ള ഒരു തമിഴൻ ശൗചാലയങ്ങൾ വ്യത്തി കേടാക്കുന്നതിനാലാണ് താഴിട്ട് പൂട്ടേണ്ടി വന്നതെന്ന് തഹസിൽദാർ വ്യക്തമാക്കി.