മാള : വനിതാ കലാലയമെന്ന പേരിൽ 43 വർഷം മാളയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമ്പന്നമാക്കിയ കാർമ്മൽ കോളേജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം. ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാമോടെ കാർമ്മലിന്റെ പുതിയ മാറ്റത്തിന് ആരംഭം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ സി.എം.സി. ഭദ്രദീപം തെളിച്ച് നിർവഹിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാമിനെ പരിചയപ്പെടുത്തൽ, ബോധവത്കരണ ക്ലാസുകൾ, വിനോദ പരിപാടികൾ, പ്രകൃതി പഠനയാത്ര എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ കെ.ജി. പ്രിൻസി, ഡോ. ജിയോ ജോസഫ്, കീർത്തി സോഫിയ, പൊന്നച്ചൻ, ലിൻഡ ജോസഫ് എന്നിവർ സംസാരിച്ചു.