congress

തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് പി.ഐ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്യുന്നു.

തളിക്കുളം : വൈകിട്ട് ആറ് വരെ പ്രവർത്തിക്കേണ്ട തളിക്കുളം കുടുംബാരോഗ്യകേന്ദ്രം ഉച്ചയോടെ അവസാനിപ്പിക്കും. കുടുംബാരോഗ്യ കേന്ദ്രമായെങ്കിലും കൂടുതലായി വച്ച ഡോക്ടറും എത്തുന്നില്ല. മാസങ്ങളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളമില്ലാത്ത അവസ്ഥയുമാണ്. കുടുംബാരോഗ്യ കേന്ദ്രമായി പദവി ഉയർന്നെങ്കിലും ഏറെ കുടുംബങ്ങൾക്ക് ഒന്നും ഗുണമില്ലാതാകുന്ന അവസ്ഥയിലേക്കാണ് കേന്ദ്രത്തിന്റെ പോക്ക്.

25 ലിറ്റർ കിട്ടുന്ന ആർ.ഒ പ്ലാന്റ് സ്ഥാപിച്ചിരുന്നെങ്കിലും കുടിവെള്ളത്തിന് മാത്രമല്ലാതെ എല്ലായിടത്തേക്കും കണക്‌ഷൻ നൽകിയതോടെ വെള്ളം കിട്ടാതായി. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിക്ക് ആരോഗ്യ വകുപ്പിൽ നിന്ന് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. അടുത്ത പദ്ധതിയിൽ ഫണ്ട് വയ്ക്കാമെന്നാണ് പറയുന്നത്. ഗ്യാരന്റി പ്രകാരമുള്ള സർവീസ് ലഭ്യമാക്കാൻ പോലും പഞ്ചായത്ത് തയ്യാറായില്ല. പ്രതിഷേധം ശക്തമായതോടെ പ്ലാന്റിൽ നിന്നുള്ള കണക്‌ഷൻ കട്ട് ചെയ്തു താത്കാലികമായി വേറെ കണക്‌ഷൻ നൽകിയെങ്കിലും പലയിടത്തും വെള്ളം ലീക്ക് ചെയ്യുന്ന അവസ്ഥയാണ്.

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതക്കുറവും രൂക്ഷമാണ്. മരുന്ന് ക്ഷാമം ഉണ്ടാകുന്നതിന് പരിഹാരം കണ്ടെത്താൻ ഒരു നടപടിയും പഞ്ചായത്ത് കൈക്കൊള്ളുന്നില്ല. മൃഗങ്ങളിൽ നിന്ന് കടിയേറ്റാലോ മറ്റോ നൽകുന്ന വാക്‌സിൻ കാലങ്ങളായി ഇല്ലാത്ത അവസ്ഥയാണ്. മഴക്കാലത്തിന് മുമ്പ് ശുചീകരണ പ്രവർത്തനം നടത്താത്തത് മൂലം പകർച്ചവ്യാധികൾ കൂടുകയാണ്. ശുചിത്വമിഷൻ ഫണ്ടും എൻ.ആർ.എച്ച്.എം ഫണ്ടും നൽകാത്തത് മൂലം വാർഡ് തലങ്ങളിൽ ശുചിത്വ പ്രവർത്തനം നിശ്ചലമായി. മറ്റ് പഞ്ചായത്തുകൾക്ക് ലഭിക്കുന്നത്ര തുക തളിക്കുളം പഞ്ചായത്തിന് ലഭിക്കുന്നില്ല.

പകർച്ചവ്യാധികൾ വ്യാപകം : പ്രതിഷേധവുമായി കോൺഗ്രസ്

അതേസമയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കോൺഗ്രസ് നാട്ടിക ബ്‌ളോക്ക് പ്രസിഡന്റ് പി.ഐ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എസ്.സുൽഫിക്കർ അദ്ധ്യക്ഷനായി. ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, സി.വി.ഗിരി, മുനീർ ഇടശ്ശേരി, സുമന ജോഷി, നീതു പ്രേംലാൽ, ലിന്റ സുഭാഷ് ചന്ദ്രൻ, ജീജ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിൽ മരുന്നിന് യാതൊരു ക്ഷാമവുമില്ല. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ശേഷം 150ൽ പരം രോഗികളാണ് അവിടെ ചികിത്സ തേടിയെത്തുന്നത്. ശുദ്ധജലം സുലഭമായി ലഭിക്കുന്നുമുണ്ട്. സമരം പരിഹാസ്യമാണ്.


- പി.ഐ. സജിത

(തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ്)