sivil-station
മിനി സിവിൽ സ്റ്റേഷൻ

കൊടുങ്ങല്ലൂർ : വീതി കുറഞ്ഞ കവാടവും വാഹനത്തിരക്കും മൂലം തിങ്ങിഞെരുങ്ങി ശ്വാസം മുട്ടുന്ന നിലയിലാണ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ. 28 സർക്കാർ ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. ഏറെക്കുറെ എല്ലാ ഓഫീസുകൾക്കും വാഹനമുണ്ട്. ഇവരുടെ വാഹനങ്ങളും ഇവിടേക്ക് വരുന്ന പ്രായമായവർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങളും തിരക്കിലമരുന്നത് പതിവ് കാഴ്ചയാണ്. മിനി സിവിൽ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഓഫീസിലേക്ക് വരുന്നവർക്കും അകത്തേക്ക് വാഹനം കയറ്റിക്കൊണ്ടുവരാൻ കഴിയാത്ത സ്ഥിതിയാണ്.
സിവിൽ സ്റ്റേഷന് മുമ്പിൽ മറ്റ് സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സാധാരണയാണ്.

ഇരുച്ചക്ര വാഹനമാണെങ്കിൽ നീക്കിവയ്ക്കാൻ പറ്റാത്ത വിധം ഹാൻഡ്ലോക്ക് ചെയ്തിട്ടാണ് ഇത്തരക്കാർ വച്ചു പോകുന്നത്. ഭൂമി ഇടപാടുകളുടെ രജിസ്‌ട്രേഷൻ നടക്കുന്ന ഓഫീസിലേക്കും താലൂക്ക് ഓഫീസിലേക്കും വരുന്നവരിൽ അധികവും സ്ത്രീകളും പ്രായം കൂടിയവരുമാണ്. ഇവരെയും കൊണ്ട് കാറിലോ ഓട്ടോയിലോ സിവിൽ സ്റ്റേഷന്റെ അകത്തേക്ക് കയറണം എന്നു വിചാരിച്ചാൽ വാഹനം കടത്താൻ പറ്റാത്ത വിധം തിരക്കാകും.

ഗേറ്റ് കടന്നുവരുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ ആരുമില്ലാത്തതാണ് പുറത്തുള്ളവർക്ക് വാഹനങ്ങൾ കൊണ്ടിടാൻ അവസരം ഒരുക്കുന്നത്. താലൂക്ക് ഓഫീസ്, പി.ഡബ്ല്യു.ഡി ഓഫീസ് തുടങ്ങിയ ചില ഓഫീസുകളിൽ രാത്രി ജീവനക്കാർ ഡ്യൂട്ടി ചെയ്യുന്നതിനാൽ ഗേറ്റ് താഴിട്ട് പൂട്ടാറില്ല. സിവിൽ സ്റ്റേഷനിൽ ഒരു വാച്ച്മാനെ നിയമിച്ചാൽ പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാക്കാൻ കഴിയുമെന്നാണ് ജീവനക്കാർ കരുതുന്നത്. ഇതിനായി സർക്കാർ താത്കാലിക തസ്തിക സൃഷ്ടിക്കേണ്ടതാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.