ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മദ്യപാനികളുടേയും മോഷ്ടാക്കളുടെയും താവളമാകുന്നു. ക്ഷേത്രം തെക്കേനടയിലെ ഗുരുവായൂരപ്പൻ ഓഡിറ്റോറിയവും ക്ഷേത്രം തീർത്ഥകുളത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിലുമാണ് മദ്യപാനികളും മോഷ്ടാക്കളും വിഹരിക്കുന്നത്. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട് കിടന്നുറങ്ങുന്ന ഇവർ മലമൂത്ര വിസർജ്യം നടത്തുന്നതും ക്ഷേത്രനടയിൽ തന്നെ. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങൾ വന്നുപോകുന്ന ക്ഷേത്ര സന്നിധിയിൽ ഇത്തരം കാഴ്ചകൾ കണ്ടിട്ടും ദേവസ്വവും പൊലീസും നടപടിയെടുക്കാൻ മടിക്കുകയാണ്. നേരത്തെ ഇത്തരം ആളുകൾ ക്ഷേത്ര പരിസരത്ത് കിടന്നുറങ്ങുന്നത് ദേവസ്വം സുരക്ഷാ ജീവനകാർ അനുവദിച്ചിരുന്നില്ല. എന്നാൽ ദേവസ്വം സുരക്ഷാ ജീവനക്കാർ ഭക്തരെ വിശ്രമിക്കാൻ അനുവദിക്കുന്നില്ലെന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തിയതിനെ തുടർന്നാണ് ദേവസ്വം ജീവനക്കാർ ഇവർക്കെതിരെ നടപടി സ്വീകരിക്കാത്തത്. കഴിഞ്ഞ ദിവസം ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ മൂത്രമൊഴിച്ചയാളെ കൊണ്ടു തന്നെ സമീപത്തുള്ളവർ ചേർന്ന് വൃത്തിയാക്കിച്ച സംഭവം നടന്നിരുന്നു. ഒപ്പം
ക്ഷേത്രപരിസരത്ത് മോഷണവും പെരുകുകയാണ്. കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിന് ശേഷം ഓഡിറ്റോറിയത്തിലിരുന്ന് വിശ്രമിക്കുകയായിരുന്ന ഭക്തന്റെ ബാഗ് മോഷണം പോയിരുന്നു. ക്ഷേത്രപരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ ഒഴിവാക്കുന്നതിന് ദേവസ്വം നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയാണ്.

നാലു നേരം സൗജന്യമായി ഭക്ഷണവും


മഴയും വെയിലുമേൽക്കാതെ കസേരകളിലും പരിസര പ്രദേശങ്ങളിലും കിടന്നുറങ്ങാൻ സാധിക്കുമെന്നതാണ് ഇക്കൂട്ടരെ ആകർഷിക്കുന്നത്. ഒപ്പം നാലു നേരവും സൗജന്യ ഭക്ഷണവും ആവശ്യത്തിന് വെള്ളവും ലഭിക്കും. ഭക്തരെന്ന പേരിൽ കിടന്നാൽ സുരക്ഷാ ജീവനക്കാരെയും ഭയക്കേണ്ട. രാത്രി ക്ഷേത്രം അടച്ചു കഴിഞ്ഞാൽ ക്ഷേത്രപരിസരത്ത് ഇവരെ ഉറങ്ങാൻ അനുവദിക്കാതിരുന്നാൽ മാത്രമാണ് ഇതിന് പരിഹാരം കാണാനാകു. ഭക്തർക്ക് വിശ്രമിക്കുന്നതിന് ചുരുങ്ങിയ നിരക്കിൽ നഗരസഭയുടേയും ദേവസ്വത്തിന്റേയും ഉടമസ്ഥതയിൽ ഡോർമെറ്ററി അടക്കം നിരവധി സൗകര്യങ്ങൾ ക്ഷേത്ര നഗരിയിൽ ലഭ്യമാണ്. എന്നിരിന്നാലും ഭക്തരിൽ ചിലരും ഇവിടെ വിശ്രമിക്കുന്നതിനാൽ സുരക്ഷാ ജീവനക്കാർ പ്രതിസന്ധിയികുന്നത്.