കൊടുങ്ങല്ലൂർ : എടവിലങ്ങ് പഞ്ചായത്തിന്റെ തീരപ്രദേശത്ത് കടലാക്രമണം ചെറുക്കാൻ മണ്ണ് കൊണ്ട് കടൽഭിത്തി നിർമ്മിച്ച എടവിലങ്ങ് പഞ്ചായത്തിന്റെ നടപടി അപഹാസ്യമാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. കരിങ്കല്ല് കൊണ്ട് നിർമ്മിച്ച കടൽഭിത്തിയും ജിയോ ബാഗ് തടയണയും പരാജയപ്പെട്ടിടത്താണ് മണ്ണ് കൊണ്ട് കടൽ ഭിത്തി കെട്ടി ജനങ്ങളെ കബളിപ്പിക്കുന്നത്. കരിങ്കല്ല് കിട്ടാത്തത് കൊണ്ടാണ് കടൽ ഭിത്തി പുനർനിർമ്മിക്കാത്തതെന്ന വാദം ബാലിശമാണ്. കോൺക്രീറ്റ് നിർമ്മിത ടെട്രോപാഡുകൾ ഉപയോഗിച്ച് കടലാക്രമണത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണ്. അത്തരത്തിൽ ഒരു ശ്രമവും നടത്താതെ തീരദേശ ജനതയെ സർക്കാർ വഞ്ചിക്കുകയാണെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.കെ. സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ. സജീവൻ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് മേരി ജോളി, ജോസഫ് ദേവസി, ബെന്നി കാവാലംകുഴി, സി.എ. ഗുഹൻ, പി.കെ. സക്കറിയ, ഇ.എസ്. സുനിൽകുമാർ, ജോസ്മി ടൈറ്റസ് തുടങ്ങിയവർ പ്രസംഗിച്ചു.