കുന്നംകുളം: സി.വി. ശ്രീരാമൻ കൾച്ചറൽ സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് കുന്നംകുളം നഗരസഭാ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചതിനിടെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് കുന്നംകുളത്തിന് തിരസ്‌കരിച്ചതിൽ പ്രതിഷേധം. ചെയർപേഴ്‌സൺ അടക്കമുള്ളവരെ അവാർഡ് നൽകാൻ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി അപമാനിച്ചതായി ഭരണ പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ കുറ്റപ്പെടുത്തി. അവാർഡ് നിർണയത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് അംഗങ്ങൾ ആരോപിച്ചു. പ്രോത്സാഹന സമ്മാനമായിരുന്നു അനുവദിച്ചിരുന്നതെന്നും വൈകിയത് കാരണം വാങ്ങാതെ തിരിച്ചുവന്നതായും ചെയർപേഴ്‌സൺ പറഞ്ഞു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം വൈശേരിയിലെ റോഡ് മഴപെയ്താൽ 13 വീടുകൾ വെള്ളത്തിലാകുന്നത് തടയാൻ നഗരസഭ ഇടപെടണമെന്നും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം. സുരേഷ് ആവശ്യപ്പെട്ടു. തുറക്കളം മാർക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ട സ്ഥാപനത്തിന് ബാങ്ക് ഗ്യാരണ്ടി തുക അനുവദിക്കാനുള്ള ചെയർപേഴ്‌സന്റെ മുൻകൂർ അനുമതി കൗൺസിൽ യോഗം അംഗീകരിച്ചു.