pala
പാലത്തിലേക്കുള്ളെ പൊളിഞ്ഞേ റോഡ്

ചേലക്കര: ചേലക്കര പഞ്ചായത്തിൽ പടിഞ്ഞാറേ പങ്ങാരപ്പിള്ളി പാലം നിർമ്മാണത്തിനായി പൊളിച്ച റോഡ് നന്നാക്കാതെ അധികൃതർ. പാലത്തിന്റെ ഉദ്ഘാടനം മൂന്നു വർഷം മുമ്പ് കഴിഞ്ഞിരുന്നു. പാലം നിർമ്മിക്കുന്നതിനായി പാലത്തിന്റെ ഇരുഭാഗത്തെ റോഡുകളും കുത്തി പൊളിക്കുകയായിരുന്നു. കൊട്ടിഘോഷിച്ച പാലത്തിന്റെ ഉദ്ഘാടന വേളയിൽ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ. രാധാകൃഷ്ണൻ പാലത്തിന്റെ ഇരുഭാഗവും നന്നാക്കിയിട്ട് ഉദ്ഘാടനം മതിയെന്ന് പറഞ്ഞിരുന്നു. എന്നാൽ ഉടൻ പണി കഴിക്കുമെന്ന വാക്കിൽ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു. ഇപ്പോൾ റോഡ് കൂടുതൽ നാശത്തിന്റെ വക്കിലാണ്. പാലത്തിന്റെ കോൺക്രീറ്റ് വക്കിൽ ഇടിച്ചും ചാടിയും വാഹന അപകടം കൂടി. മഴയിൽ വെള്ളക്കെട്ടും രൂക്ഷമായി. കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. കുഴികൾക്ക് ആഴമേറിയപ്പോൾ മട്ടിക്കല്ലിട്ട് നികത്തി. എന്നാൽ വീണ്ടും റോഡ് നശിച്ച് തുടങ്ങി. എത്രയും വേഗം റോഡ് നന്നാക്കിത്തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പഴയ പാലത്തിന് ബലക്ഷയം മൂലമാണ് 2020 നവംബറിൽ 32 ലക്ഷം രൂപ എസ്റ്റിമേറ്റിൽ പുതിയ പാലം പണി ആരംഭിച്ചത്. പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ എം.എൽ.എ.യു.ആർ. പ്രദീപാണ് ഫണ്ട് അനുവദിച്ചത്. ചേലക്കര പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് നിർമ്മാണം തുടങ്ങി ഒരു വർഷത്തിനകം പൂർത്തിയാക്കി. പുതിയ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഉദ്ഘാടനവും നിർവഹിച്ചു. പാലം നിർമ്മിക്കുവാൻ മാത്രമായിരുന്നു കോൺട്രാക്ടറുമായി കരാർ. അനുബന്ധ റോഡിനിന് കരാറില്ല. പഞ്ചായത്തിന്റെ റോഡായതിനാൽ അറ്റകുറ്റപണിക്കുള്ള തുക വകയിരുത്തേണ്ടത് പഞ്ചായത്താണ്.


എല്ലാ സൗകര്യങ്ങളോടെയും പാലം നിർമ്മിച്ചപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെപൊട്ടിപ്പൊളിഞ്ഞ റോഡുകൾ ബാക്കിയായി. ഒരു പാലം മാത്രം പുനർ നിർമ്മിച്ചു. ജനങ്ങൾക്ക് യാതൊരു ഉപകാരവും ഇല്ലാത്ത ഇത്തരം പ്രവർത്തനങ്ങൾകൊണ്ട് ദുരിതം നേരിടുകയാണ് യാത്രക്കാർ.
യോഹന്നാൻ
പ്രദേശവാസി

പാലത്തിന് ഇരുഭാഗത്തും പത്തുമീറ്ററോളം ദൂരമാണ് പൊട്ടിപ്പൊളിഞ്ഞത്. ഇതു നേരെയാക്കാൻ ശ്രമിക്കാതെ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത് തീർത്തും അനാസ്ഥയാണ്
സണ്ണി ആടുപാറ
സാമൂഹിക പ്രവർത്തകൻ