കൊടുങ്ങല്ലൂർ : ചീപ്പുകൾ തുറന്നതോടെ കനോലിക്കനാലിൽ മത്സ്യങ്ങൾ അപ്രത്യക്ഷമായി. കനോലിക്കനാൽ ഒഴുകുന്ന പുല്ലൂറ്റ് , പന്തീരാംപാല, ആനാപ്പുഴ, തിരുത്തിപ്പുറം ജലാശയങ്ങളിൽ മത്സ്യങ്ങൾ തീരെ ഇല്ലാതായി. ഉള്ള മത്സ്യങ്ങൾക്കാകട്ടെ വിലയും ഉയർന്നു. പ്രായൽ-480, കണമ്പ്-480, കരീമിൻ-640, ചെമ്പല്ലി-740, കാളഞ്ചി-540 എന്നിങ്ങനെയാണ് വില. ചെമ്മീൻ മാർക്കറ്റിൽ തീരെ ഇല്ലാത്ത സ്ഥിതിയാണ്. ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യ ലഭ്യതയിൽ കുറവ് വന്നത് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് കനത്ത ആഘാതമായി.
കരൂപ്പടന്ന, കരിങ്ങൻചിറ, വളളിവട്ടം, പടിയൂർ എന്നിവിടങ്ങളിലാണ് രണ്ടാഴ്ച മുമ്പ് ചീപ്പുകൾ തുറന്നുവിട്ടത്. ചീപ്പുകളിൽ കുറെ നാൾ കെട്ടിനിന്നിരുന്ന വെള്ളം മഴ കൂടുതലായി പെയ്യുമ്പോൾ തുറന്നു വിടുന്നത് പതിവാണ്. എന്നാൽ ഈ വെള്ളം കറുത്ത നിറവും വെള്ളത്തിന് ഓക്‌സിജൻ അളവ് കുറവായതും മത്സ്യങ്ങൾക്ക് വിനയായി. കൂടുകൃഷിയിൽ ഉൾപ്പെടെ കനോലിക്കനാലിൽ ഈ അവസരത്തിൽ മത്സ്യങ്ങൾ ചത്ത് പൊന്തുകയും ചെയ്തിരുന്നു. കനത്ത ചൂടും ഉൾനാടൻ മത്സ്യമേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. അന്ന് കുറച്ചാണ് മത്സ്യം കിട്ടിയിരുന്നുവെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് മോശമല്ലാത്ത വില കിട്ടിയിരുന്നു. കടലിൽ നിന്നുള്ള മത്സ്യങ്ങൾ പുഴയിലേക്ക് എത്താതിരിക്കുന്നതും മത്സ്യക്ഷാമത്തിന് വഴിവച്ചതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. അഴീക്കോട്-മുനമ്പം പാലം നിർമ്മാണവും മൂത്തുകുന്നം-കോട്ടപ്പുറം പാലത്തിന്റെ നിർമ്മാണവും ഉൾനാടൻ ജലശായങ്ങളിലേക്കുള്ള മത്സ്യങ്ങളുടെ വരവ് തടഞ്ഞിരിക്കുകയാണ്. ഇത് നീട്ടുവല, വാലുവല, വീശുവല, ചീനവല എന്നിവ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നവരെയും നല്ല പോലെ ബാധിച്ചിട്ടുണ്ട്.

പ്രതിസന്ധി പലവിധം