നഗരസഭാ ഓഫീസ് പരിസരത്ത് ചേർന്ന യോഗത്തിൽ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചെയർപേഴ്‌സൺ ടി.കെ. ഗീത നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ : നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ രണ്ട് മെഷീനുകളിലൂടെ സംസ്‌കരിച്ച് വളമാക്കി മാറ്റുന്ന പദ്ധതി ടി.കെ.എസ് പുരത്തെ പ്ലാന്റിൽ ആരംഭിച്ചു. 20 ലക്ഷം രൂപയാണ് ഇതിന് ചെലവ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖര മാലിന്യങ്ങൾ കൊണ്ടുവരുന്നതിന് നാല് വാഹനങ്ങൾ വാങ്ങിയതിന് 25 ലക്ഷം രൂപയും ചെലവായി. കക്കൂസ് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന മൊബൈൽ പ്ലാന്റിനായി 45 ലക്ഷം രൂപയും ചെലവ് വന്നു. ഇതിന്റെ പ്രവർത്തനം മോണിട്ടർ ചെയ്യുന്നതിന് നഗരസഭാ ചെയർപേഴ്‌സൺ ഉൾപ്പെടെ കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും കമ്മിറ്റി രൂപീകരിച്ചു.
നഗരസഭാ ഓഫീസ് പരിസരത്ത് ചേർന്ന യോഗത്തിൽ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചെയർപേഴ്‌സൺ ടി.കെ. ഗീത നിർവഹിച്ചു. വൈസ് ചെയർമാൻ വി.എസ്. ദിനൽ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൽസി പോൾ, ഷീല പണിക്കശ്ശേരി, ഒ.എൻ. ജയദേവൻ, കൗൺസിലർമാരായ കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, വി.എം. ജോണി, സെക്രട്ടറി എൻ.കെ. വൃജ എന്നിവർ പ്രസംഗിച്ചു.