
തൃശൂർ: പൊതുജനങ്ങൾക്ക് നൽകേണ്ട വിവരങ്ങൾ പരമാവധി അതത് വകുപ്പുകളുടെ വെബ്‌സൈറ്റുകൾ വഴി ലഭ്യമാക്കാൻ ഓഫീസ് മേധാവികൾ ശ്രദ്ധിക്കണമെന്ന് വിവരാവകാശ കമ്മിഷണർ ഡോ.കെ.എം.ദിലീപ് പറഞ്ഞു. കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ നടത്തിയ ഹിയറിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷകർ വിവരാവകാശ പ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങൾ വെബ്‌സൈറ്റ് യു.ആർ.എൽ സഹിതം നൽകണം. കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് വിവരങ്ങൾ കൈമാറാൻ ഓഫീസ് മേധാവികൾ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിഗണിച്ച 26 പരാതികളിൽ 21 എണ്ണം തീർപ്പാക്കി. അഞ്ചെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. തദ്ദേശസ്വയംഭരണം, പൊലീസ് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളായിരുന്നു കൂടുതൽ.