കൊടുങ്ങല്ലൂർ : രാജിവയ്ക്കാൻ ഒരുങ്ങി ബി.ജെ.പി കൗൺസിലറുടെ മധുര വിതരണം. നഗരസഭ ചേരമാൻ മസ്ജിദ് 41-ാം വാർഡ് കൗൺസിലർ അഡ്വ. ഡി.ടി. വെങ്കിടേശ്വരനാണ് തന്റെ വാർഡിൽ അടുത്തുതന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും ഇതുവരെ തന്നോട് സഹകരിച്ചവരോട് നന്ദി പറഞ്ഞു കൊണ്ട് ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിനിടെ മധുരം വിളമ്പിയത്. 2010ൽ മസ്ജിദ് വാർഡിൽ നിന്നും 70 വോട്ടുകൾക്ക് വിജയിച്ച അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 210 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കൊടുങ്ങല്ലർ ബാറിലെ അഭിഭാഷകനാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ 21 സീറ്റു നേടിയ ബി.ജെ.പി നഗരസഭ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് ഡി.ടി. വെങ്കിടേശ്വരനെയായിരുന്നു. പതിമൂന്ന് മാസത്തോളം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് ആ സ്ഥാനം ഉപേക്ഷിച്ചു. വ്യക്തിപരമായ സമയക്കുറവാണ് രാജിവയ്ക്കാഒരുങ്ങുന്നതെന്ന് വെങ്കിടേശ്വരൻ വ്യക്തമാക്കി.